25 March, 2021 12:55:02 PM
താമസിക്കുന്ന വീട് ലതികയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസാക്കി ജെക്സിമോന്‍
ഏറ്റുമാനൂര്‍: താനും കുടുംബവും താമസിക്കുന്ന വീട് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ സ്വതന്ത്രസ്ഥാനാര്‍ഥി ലതികാ സുഭാഷിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസാക്കി മാറ്റിയിരിക്കുകയാണ് ജെക്സിമോന്‍ എന്ന യുവാവ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ലതികാ സുഭാഷിന്‍റെ വാഹനത്തിന്‍റെ സാരഥിയായിരുന്ന ജെക്സിമോനാണ് ആര്‍പ്പൂക്കരയിലെ തന്‍റെ വീട് തന്നെ ലതികയുടെ പ്രചരണത്തിനായി മാറ്റിവെച്ചത്.
വീടിന്‍റെ മുറ്റം നിറയെ പ്രചരണബോര്‍ഡുകളും പോസ്റ്ററുകളും നിറഞ്ഞിരിക്കുകയാണ്. ബോര്‍ഡുകള്‍ നിയോജകമണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നതിനും പോസ്റ്ററുകള്‍ പതിക്കുന്നതിനും രാവും പകലുമെന്ന വ്യത്യാസമില്ലാതെ കഠിനപ്രയത്നത്തിലുമാണ് ജെക്സിമോനും ഒപ്പമുള്ള സുഹൃത്തുക്കളും. പ്രചരണത്തിനിടെ ജെക്സിമോന്‍റെ വീട്ടിലെത്തിയ സ്ഥാനാര്‍ഥി അവിടത്തെ സംവിധാനങ്ങള്‍ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ലതികയെ ഏലിക്കാമാല അണിയിച്ചാണ് ജെക്സിമോന്‍ വീട്ടിലേക്ക്... അല്ല തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക് സ്വീകരിച്ചത്.
ഇത്രയും നാള്‍ സ്വന്തമെന്നു കരുതിയ പ്രസ്ഥാനവും നേതാക്കളും ഒപ്പമില്ലെങ്കിലും സ്ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ലതികയുടെ വിജയത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട്. ലതികയ്ക്കു വേണ്ടി പ്രചരണത്തിനിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭീഷണിയെതുടര്‍ന്നാണ് ലതികയോട് താത്പര്യമുള്ള പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെ പ്രത്യക്ഷമായി പ്രചരണത്തിനിറങ്ങാത്തത്. എന്നാല്‍ പലരും തങ്ങളുടെ രഹസ്യപിന്തുണ അറിയിച്ചിട്ടുമുണ്ട്.
ഇതിനിടെ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ (ഓഐഓപി) പ്രവര്‍ത്തകര്‍ മണ്ഡലത്തിലുടനീളം ലതികയ്ക്കുവേണ്ടി ഭവനസന്ദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനായി പോരാടുന്ന ഷാഡോ മിനിസ്ട്രിയുടെ പ്രവര്‍ത്തകരും പ്രചരണത്തിന് ഇറങ്ങികഴിഞ്ഞു. കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി ആവശ്യപ്പെട്ട പ്രകാരം കേരളത്തില്‍ എന്തുകൊണ്ട് ഒരു വനിതാമുഖ്യമന്ത്രി ഉണ്ടാവുന്നില്ല എന്നാണ് ഷാഡോ മിനിസ്ട്രി പ്രവര്‍ത്തകരുടെ ചോദ്യം. യുഡിഎഫ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയകക്ഷികളും നേതൃത്വത്തിലേക്ക് വരുന്ന വനിതകളെ ഒതുക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അവര്‍ ചൂണ്ടികാട്ടി.