24 March, 2021 06:27:37 PM
സ്കൂള്‍ മെയില്‍ ഐഡി ഹാക്ക് ചെയ്ത് പണം തട്ടിപ്പ്; പിന്നില്‍ നൈജീരിയന്‍ സംഘം?
കോട്ടയം: സ്കൂള്‍ മെയില്‍ ഐഡി ഹാക്ക് ചെയ്ത് പണം തട്ടിപ്പ്. കോട്ടയം ജില്ലയില്‍ മാന്നാനം കെ.ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ ഇ-മെയിലാണ് ഒരു സംഘം ആളുകള്‍ ഹാക്ക് ചെയ്തത്. തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിക്ക് ചികിത്സാസഹായം ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരിയുടെ പേരില്‍ ഇദ്ദേഹത്തിന്‍റെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം സന്ദേശം അയക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് മെയില്‍ ഹാക്ക് ചെയ്തതായി ശ്രദ്ധയില്‍പെട്ടത്. സ്കൂളിന്‍റെ kescom@rediffmail.com എന്ന മെയില്‍ ഹാക്ക് ചെയ്ത സംഘം kescom@outlook.com എന്ന മറ്റൊരു വിലാസം സൃഷ്ടിച്ച് അതില്‍നിന്നുമാണ് സന്ദേശങ്ങള്‍ അയച്ചത്. സ്കൂളില്‍ പഠിക്കുന്ന ജോണ്‍ വര്‍ഗീസ് എന്ന വിദ്യാര്‍ത്ഥിക്ക് ഹൃദയസംബന്ധമായ അസുഖമാണെന്നും (സിഎച്ച്ഡി) ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന് ഒരു ശസ്ത്രക്രീയ അനിവാര്യമാണെന്നും അതിനായി 102,000 രൂപ ആവശ്യമുണ്ടെന്നും സൂചിപ്പിച്ചുകൊണ്ടായിരുന്നു സന്ദേശം. തുക സംഭാവന ചെയ്യാനാഗ്രഹിക്കുന്നവര്‍ വിവരം അറിയിച്ചാല്‍ അക്കൌണ്ട് നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ഫാ.ഡോ.ജയിംസ് മുല്ലശ്ശേരി സിഎംഐ എന്ന പേരിലുള്ള സന്ദേശത്തില്‍ പറയുന്നു.
വ്യാജസന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ട സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൈബര്‍സെല്ലില്‍ പരാതി നല്‍കി. പണം തരാന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച് പ്രതികരിച്ച ഒരാള്‍ക്ക് യൂണിയന്‍ ബാങ്കിന്‍റെ ഉത്തരാഖണ്ഡ് കാശിപൂര്‍ ശാഖയിലെ അക്കൌണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നൈജീരിയക്കാരും വടക്കേ ഇന്ത്യക്കാരും ചേര്‍ന്നുള്ള ലോബിയാണ് ഇതിന് പിന്നിലെന്ന സൂചന ലഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ 40000 രൂപയോളം ഈ അക്കൌണ്ടില്‍ എത്തിയതായും കണ്ടെത്തി. പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
പണം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ക്ക് താഴെ പറയുന്ന അക്കൌണ്ടിലേക്ക് പണം അയയ്ക്കാനാണ് സന്ദേശം എത്തുന്നത്.
ഇന്ന് ഫാ.ജയിംസ് മുല്ലശ്ശേരിയുടെ മറ്റൊരു മെയിലിലേക്കും സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശം എത്തിയിരുന്നു. വ്യാജസന്ദേശം വായിച്ച് ആരും പണം അയയ്ക്കുകയോ മറ്റേതെങ്കിലും രീതിയില്‍ ഇവരുടെ കുരുക്കില്‍പെടുകയോ ചെയ്യാതെ ശ്രദ്ധിക്കണമെന്നും എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 8281725386 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ജയിംസ് മുല്ലശ്ശേരി അറിയിച്ചു.