23 March, 2021 06:04:50 PM


സി വിജില്‍: കോട്ടയത്ത് ലഭിച്ചത് 724 പരാതികള്‍; ആബ്‌സെന്‍റീ വോട്ടര്‍മാര്‍ക്ക് ബാലറ്റ് 26 മുതല്‍



കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക്  പരാതിപ്പെടാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ഇതുവരെ ലഭിച്ചത് 724 പരാതികള്‍. അനധികൃതമായി പ്രചരണ സാമഗ്രികള്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് ഇവയില്‍ ഏറെയും. 664 പരാതികളില്‍ തുടര്‍ നടപടി സ്വീകരിച്ചു. 60 പരാതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്ന് കണ്ടെത്തി. 


ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് കോട്ടയം നിയോജക മണ്ഡലത്തില്‍നിന്നാണ് -  205 എണ്ണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി വിജില്‍ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ ഉടന്‍ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സക്വാഡുകള്‍ക്ക് കൈമാറും. ഫ്‌ളൈയിംഗ്, ആന്റീ ഡീഫേസ്‌മെന്റ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകളാണ് പരാതിളെക്കുറിച്ച് അന്വേണം നടത്തി തുടര്‍ നടപടി സ്വീകരിക്കുന്നത്.  


മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രചാരണ നടപടികള്‍, പെയ്ഡ് വാര്‍ത്തകള്‍, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും  സി വിജില്‍ ആപ്ലിക്കേഷനിലൂടെ പരാതി നല്‍കാം.
പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷന്‍ മുഖേന  തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വിഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ തുടര്‍ നടപടി സ്വീകരിക്കും. 


നിരീക്ഷകര്‍ക്ക് പരാതി നല്‍കാം


നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ജില്ലയിലെ ചിലവ് നിരീക്ഷകര്‍ക്കും പോലീസ് നിരീക്ഷകനും സമര്‍പ്പിക്കാം. കുമരകം കെ.ടി.ഡി.സി വാട്ടര്‍സ്‌കേപ്‌സില്‍  നിരീക്ഷകരെ നേരില്‍ കാണുവാനും കഴിയും. 


ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളുടെ ചുമതലയുള്ള ചിലവ് നിരീക്ഷകന്‍ അശിഷ് കുമാറിനെ (ഫോണ്‍-9497140028) തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ 10 വരെയും പാലാ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ നിരീക്ഷകന്‍ ഷെയ്ഖ് അമീൻഖാന്‍ യാസിന്‍ഖാനും (9497140028) ജില്ലയുടെ പോലീസ് നിരീക്ഷകനായ ഹിമാന്‍ഷുകുമാര്‍ ലാലും (8281008560) എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 10.30 വരെയും പൊതുജനങ്ങളെ കാണും. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള നിരീക്ഷകന്‍ സുമന്ത് ശ്രീനിവാസിനെ (8281008560) ടെലിഫോണ്‍ മുഖേന പരാതികള്‍ അറിയിക്കാം.


ആബ്‌സെന്‍റീ വോട്ടര്‍മാര്‍ക്ക് ബാലറ്റ് 26 മുതല്‍ 


തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആബ്‌സെന്റീ വോട്ടര്‍മാരായി പ്രഖ്യാപിച്ചിട്ടുള്ള 80 വയസിനു മുകളിലുള്ളവര്‍, ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍, കോവിഡ് രോഗികള്‍, കോവിഡ് ക്വാറന്റയിനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് തപാല്‍ വോട്ടു ചെയ്യുന്നതിനായി മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒന്നുവരെ ബാലറ്റ് പേപ്പറുകള്‍ വീടുകളില്‍ എത്തിക്കും.  12 ഡി അപേക്ഷാ ഫോറം പൂര്‍ണമായി പൂരിപ്പിച്ച് നിശ്ചിത സമയപരിധിക്കു മുന്‍പ് നല്‍കിയവര്‍ക്കാണ് തപാല്‍ വോട്ടിന് അവസരം ലഭിക്കുക.


ബാലറ്റ് പേപ്പറില്‍ വോട്ടു രേഖപ്പെടുത്തി മടക്കി 13 ബി എന്ന ചെറിയ കവറില്‍ ഇട്ട് ഒട്ടിച്ച് കവറിനു മുകളില്‍ ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കണം. 13 എയിലുളള സത്യപ്രസ്താവന പൂരിപ്പിച്ച് വീട്ടിലെത്തുന്ന പോളിംഗ് ഓഫീസറെക്കൊണ്ടുതന്നെ സാക്ഷ്യപ്പെടുത്തണം. തപാല്‍ ബാലറ്റ് അടങ്ങിയ 13 ബി എന്ന കവറും 13 എ എന്ന സത്യപ്രസ്താവനയും 13 സി എന്ന വലിയ കവറില്‍ ഇട്ട് ഒട്ടിച്ച് ഈ കവറിനു മുകളിലും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി അപ്പോള്‍തന്നെ പോളിംഗ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം. 


വീട്ടിലെത്തുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ മുഖേനയല്ലാതെ ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും പിന്നീട് നേരിട്ടോ ദൂതന്‍മുഖേനയോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാന്‍ കഴിയില്ല. ആബ്‌സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള  പരിശീലനം ഇന്ന്(മാര്‍ച്ച് 24) നടക്കും. വോട്ടിംഗ് പ്രക്രിയ കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍  ഓരോ പോളിംഗ് സംഘത്തിനൊപ്പവും ഒരു മൈക്രോ ഒബ്‌സര്‍വര്‍ ഉണ്ടാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K