22 March, 2021 04:54:11 PM
ലതികാ സുഭാഷിന് ചിഹ്നം ഓട്ടോ; പിന്തുണ അറിയിച്ച് ഓട്ടോതൊഴിലാളികള്‍
ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥിയും മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷയുമായ ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തതില്‍ സങ്കടവും പരിഭവവും അറിയിച്ച് ഓട്ടോ തൊഴിലാളികള്‍ രംഗത്തെത്തിയ പിന്നാലെ സാധാരണക്കാരന്‍റെ വാഹനമായ 'ഓട്ടോറിക്ഷ' തന്നെ ലതികയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചു.
തിങ്കളാഴ്ച രാവിലെ അയ്മനം ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രചരണത്തിനിടെ കുഴിത്താര്‍ ഗ്രേസ് ആശുപത്രിയ്ക്കു സമീപമെത്തിയപ്പോഴാണ് അവിടെ ഓട്ടോ തൊഴിലാളികള്‍ ലതികയ്ക്ക് ചുറ്റും കൂടിയത്. തല മുണ്ഡനം ചെയ്യേണ്ടിവന്ന സാഹചര്യമുണ്ടായതില്‍ തങ്ങള്‍ക്ക് സങ്കടമുണ്ടെന്നും എന്നാല്‍ വെല്ലുവിളികളെ അതിജീവിച്ച് മത്സരരംഗത്തിറങ്ങിയതില്‍ സന്തോഷമുണ്ടെന്നും അവര്‍ ലതികയോട് പറഞ്ഞു. ഒപ്പം തങ്ങളുടെ പിന്തുണയും അറിയിച്ചു. ഈ സംഭവത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് ചിഹ്നമായ 'ഓട്ടോറിക്ഷ' ലതികയെ തേടിയെത്തിയത്.
തന്നെ വീണവായന അഭ്യസിപ്പിച്ച അയ്മനം സ്വദേശിനിയായ ഗിരിജാ പ്രസാദിന്‍റെ വീട്ടിലാണ് തുടര്‍ന്ന് ലതിക എത്തിയത്. ഗുരു-ശിഷ്യ ബന്ധത്തിന്‍റെ തീവ്രത ഉളവാക്കുന്ന സ്വീകരണമായിരുന്നു അവിടെ കാണാനായത്. സാമൂഹ്യപ്രവര്‍ത്തനത്തിനിടെ താന്‍ പഠിപ്പിച്ച പാഠങ്ങള്‍ തന്‍റെ പ്രിയശിഷ്യ മറന്നോ എന്ന് പരിശോധിക്കാന്‍ കൂടി ഈയവസരം ഗിരിജാ പ്രസാദ് ഉപയോഗപ്പെടുത്തി. അനുസരണയുള്ള ഒരു ശിഷ്യയായി ലതിക തന്‍റെ ഗുരുവിന്‍റെ വീണകമ്പികളില്‍ ശ്രുതി മീട്ടിയത് കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും പരിസരവാസികളും ഏറെ കൌതുകത്തോടെയാണ് വീക്ഷിച്ചത്.
തിങ്കളാഴ്ച രാവിലെ അയ്മനം കല്ലുമട പാലത്തിന് സമീപത്തുനിന്നായിരുന്നു പ്രചരണം ആരംഭിച്ചത്. പ്രചരണവഴിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍സ്വീകരണമാണ് ലതിക സുഭാഷിന് നല്‍കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രചരണത്തിനിടെ സാനിറ്റൈസര്‍ പകര്‍ന്നുനല്‍കുന്നതിലും ഏറെ ശ്രദ്ധിക്കുന്നുണ്ട് ലതിക സുഭാഷ്.