21 March, 2021 06:47:01 PM


ദേവാലയങ്ങളിലും കുടുംബസംഗമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥികള്‍



ഏറ്റുമാനൂർ: മൂന്നാം കക്ഷിയായ എന്‍ഡിഎയ്ക്കു പിന്നാലെ ഭീഷണി ഉയര്‍ത്തി മഹിളാകോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് കളത്തിലിറങ്ങിയതോടെ മണ്ഡലത്തിൽ സജീവമായ പ്രചാരണ പ്രവർത്തനങ്ങളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എന്‍.വാസവന്‍ എന്നിവര്‍. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിജയം ഉറപ്പിക്കാനുള്ള അതിവേഗ പ്രചാരണത്തിലാണ് സ്ഥാനാർത്ഥികള്‍.

 

അതിരമ്പുഴ നാൽപ്പാത്തിമലയിലെ പള്ളിയിൽ പ്രചാരണ രംഗത്ത് എത്തിയ സ്ഥാനാർത്ഥി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് ഇവിടെ പരമാവധി ആളുകളെ നേരിൽകാണുന്നതിനാണ് സമയം ചിലവഴിച്ചത്. പള്ളിയിൽ പ്രാർത്ഥിച്ച ശേഷം പുറത്തിറങ്ങിയ സ്ഥാനാർത്ഥിയോട് മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടികാട്ടി ഒട്ടേറെ പേര്‍ പരാതിയുമായെത്തി. യു.ഡി.എഫ് മടങ്ങിയെത്തുമെന്നും മണ്ഡലത്തിൽ വികസനം ഉണ്ടാകുമെന്നും സ്ഥാനാര്‍ഥി ഉറപ്പ് നൽകി. തുടര്‍ന്ന് നാൽപ്പാത്തിമലയിലെ യു.ഡി.എഫ് ബൂത്ത് കമ്മിറ്റികൾ സ്ഥാനാർത്ഥി ഉദ്ഘാടനം ചെയ്തു. 



കുമരകം ആറ്റാമംഗലം പള്ളിയിൽ എത്തിയ പ്രിന്‍സ്, ഇവിടെയും വിശ്വാസികൾക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുത്തു. അയ്മനത്ത് എത്തിയ സ്ഥാനാർത്ഥി മണ്ഡലത്തിലെ യാക്കോബായസഭ, സി.ഐ.എസ്.ഐ സഭാ പള്ളികളിൽ സന്ദർശനം നടത്തി. ബ്രദറൺസഭയുടെ പ്രാർത്ഥനാലയത്തിൽ എത്തിയ സ്ഥാനാർത്ഥി ഇവിടെ വിശ്വാസികൾക്കൊപ്പം സമയം ചിലവഴിച്ചു. ഇതിനു ശേഷം നീണ്ടൂരിലെ വിവിധ മേഖലകളിൽ കുടുംബ സംഗമത്തിലും, ബൂത്ത് കമ്മിറ്റികളിലും ഇദ്ദേഹം പങ്കെടുത്തു. കുമ്മനം മേഖലയിൽ എത്തിയ സ്ഥാനാർത്ഥി ഇവിടെ മുസ്ലീം ജമാ അത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. പേരൂരില്‍ കുടുംബ സംഗമങ്ങളിലും പങ്കെടുത്തു. 


ഏറ്റുമാനൂർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സൗഹൃദ സദസുകളിലും , കുടുംബ യോഗങ്ങളിലുമായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി വി എൻ വാസവന്‍റെ പ്രചരണം. അവധി ദിവസമായിരുന്നതിനാൽ കൂടുതൽ വീടുകളിൽ എത്തി ആളുകളെ കാണുകയായിരുന്നു സ്ഥാനാർത്ഥി ലക്ഷ്യമിട്ടത്. ഇതിനിടെ ചില ആരാധനാലയങ്ങളും , സംഘടനകളുടെ സൗഹൃദ സംഗമങ്ങളിലും സപങ്കെടുത്തു.


രാവിലെ ഒൻപത് മണിക്ക് വില്ലൂന്നിയിൽ നിന്നാണ് പ്രചരണത്തിന് തുടക്കമായത്. വില്ലൂന്നിയിലെ വിവിധ മേഖലകളിലും ആരാധനാലയങ്ങളിലും പര്യടനം നടത്തവെ സ്ഥാനാർത്ഥി, കുമരകത്തെ പ്രവർത്തകർ വിളിച്ചതിനെ തുടർന്ന് പെട്ടന്ന് അവിടേക്ക് പോയി. സ്ഥാനാർത്ഥിക്കൊപ്പം വീടുകയറാനും സ്ഥാപനങ്ങളിലും പോകാനും എത്തിയ ആളുകൾ പെട്ടന്ന് സ്‌ക്വാഡ് വർക്കിലേക്ക് മാറി.


അതിരമ്പുഴ, മാന്നാനം, ഏറ്റുമാനൂർ എന്നിവിടങ്ങളില്‍ ഉൾഗ്രാമങ്ങളിൽ പാർക്കുന്ന നിരവധി നിർധന കുടുംബാംഗങ്ങളെ നേരിൽ കണ്ടും  കുടുംബയോഗങ്ങളിൽ പങ്കെടുത്തും പര്യടനം പുരോഗമിച്ചു. ജനങ്ങളുടെ ആവലാതികളും ആവശ്യങ്ങളും കേട്ട് മനസിലാക്കി അവരോട്  വോട്ട് അഭ്യർത്ഥിച്ചു. വികസന നേട്ടങ്ങൾ ജനങ്ങളുടെ മുന്നിൽ ഊന്നി കൊണ്ടായിരുന്നു പ്രചരണം പുരോഗമിച്ചത്. അതിരമ്പുഴ പെണ്ണാർ തോട് നവീകരിച്ച് കനാൽ ടൂറിസം നടപ്പിലാകുന്നതോടെ വ്യാപാരം മെച്ചപ്പെടുമെന്നും അതിരമ്പുഴയുടെ പ്രൗഢി നിലനിർത്തി വികസനം നടപ്പിലാക്കുമെന്നും സ്ഥാനാർഥി ഉറപ്പ് നൽകി.  മണ്ണാർകുന്ന് പള്ളി വികാരി എബ്രഹാം തർമ്മശ്ശേരിയുടെ അനുഗ്രഹ ആശംസകൾ തേടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K