16 March, 2021 07:16:35 PM
ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കോട്ടയം ജില്ലയിൽ നാലു പേർ കൂടി പത്രിക സമർപ്പിച്ചു
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കോട്ടയം ജില്ലയിൽ ഇന്ന് നാലു പേർ കൂടി നാമനിർദേശപത്രിക നൽകി. വൈക്കം, ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശേരി മണ്ഡലങ്ങളിൽ ഓരോ സ്ഥാനാർഥികളാണ് പത്രിക നൽകിയത്. ആകെ ആറു സെറ്റ് പത്രികകൾ സമർപ്പിച്ചു.
ഒരേ മണ്ഡലത്തില്‍ നിന്ന് പതിനൊന്ന് തവണ വിജയിച്ച കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടി 12ാം അങ്കത്തിന് നാമര്‍ദ്ദേശ പത്രിക സമര്‍പിച്ചു. കഴിഞ്ഞ 11 തവണയും കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. ഇത്തവണയും മാറ്റമില്ല.
കോട്ടയം പാമ്പാടി ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് പത്രിക നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും ഒപ്പമുണ്ടായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഫെയിസ് ഷീല്‍ഡ് ധരിച്ചാണ് ഉമ്മന്‍ചാണ്ടി എത്തിയത്. രണ്ട് സെറ്റ് പത്രികയാണ് അദ്ദേഹം നല്‍കിയത്.
ഇന്ന് പത്രിക നൽകിയവരുടെ പേരു വിവരം ചുവടെ
വൈക്കം : സി.കെ ആശ - സി.പി.ഐ
ഏറ്റുമാനൂർ : അജയകുമാർ - എസ്.യു.സി.ഐ
പുതുപ്പള്ളി : ഉമ്മൻ ചാണ്ടി - ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ചങ്ങനാശേരി : രജിത ബിജു - എസ്.യു.സി.ഐ
ഇന്നലെ ഏഴു പേർ നാമനിർദേശപത്രിക സമർപ്പിച്ചു. പാലായിലും പൂഞ്ഞാറിലും രണ്ടു പേര്‍ വീതവും വൈക്കം, കോട്ടയം, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഓരോ സ്ഥാനാര്‍ത്ഥികളുമാണ് ഇന്നലെ പത്രിക നല്‍കിയത്. ആകെ 12 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
ഇന്നലെ പത്രിക നല്‍കിയവരുടെ പേരു വിവരം ചുവടെ
പാലാ: ജോസ് കെ. മാണി - കേരള കോണ്‍ഗ്രസ് (എം), മാണി സി. കാപ്പന്‍ - സ്വതന്ത്രന്‍
പൂഞ്ഞാര്‍: പി.സി. ജോര്‍ജ് -കേരള ജനപക്ഷം (സെക്കുലര്‍), ആല്‍ബിന്‍ മാത്യു - സ്വതന്ത്രന്‍
വൈക്കം: സാബു ദേവസ്യ-എസ്.യു.സി.ഐ
കോട്ടയം: അഡ്വ. കെ. അനില്‍കുമാര്‍-സി.പി.ഐ(എം)
ചങ്ങനാശേരി: ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍-സ്വതന്ത്രന്‍