08 March, 2021 12:24:03 PM
ഏറ്റുമാനൂര്‍ സീറ്റ്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം രൂക്ഷമാകുന്നു
ഏറ്റുമാനൂർ : നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതിൽ കോൺഗ്രസിൽ അമർഷം പുകയുന്നു. നാട്ടുകാരിയായ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് ഏറ്റുമാനൂരിൽ മത്സരിക്കണമെന്ന ആവശ്യമാണ് കോൺഗ്രസുകാർ ഉയർത്തുന്നത്. ജയസാദ്ധ്യത ഉറപ്പായ സീറ്റ് ജോസഫിന് വിട്ടുകൊടുക്കുന്നതിലൂടെ യുഡിഎഫ് വീണ്ടും ഏറ്റുമാനൂരില്‍ പരാജയം ഇരന്നുവാങ്ങാന്‍ പോകുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.
കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിൽ ഉണ്ടായിരുന്ന സമയത്തെല്ലാം അവർക്കാണ് ഏറ്റുമാനൂർ സീറ്റ് ലഭിച്ചിരുന്നത്. ഇത്തവണ ജോസ് വിഭാഗം യുഡിഎഫിൽ നിന്നും പുറത്തുപോയിട്ടും ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് ലഭിക്കാത്തതിൽ പ്രവർത്തകര്‍ നിരാശയിലാണ്. യുഡിഎഫിന്‍റെ കോട്ടയായ അതിരമ്പുഴയിൽ കോൺഗ്രസ് പ്രവർത്തകരുടെ യോഗം ഞായറാഴ്ച നടന്നു. യോഗത്തില്‍ തങ്ങളുടെ അമര്‍ഷം പ്രവര്‍ത്തകര്‍ രേഖപ്പെടുത്തുകയും ചെയ്തു. അതിരമ്പുഴ പഞ്ചായത്തിലെ വോട്ടാണ് യുഡിഎഫ്. സ്ഥാനാർഥിയുടെ വിജയത്തിന് മണ്ഡലത്തില്‍ പലപ്പോഴും നിര്‍ണ്ണായകമായി മാറുന്നത്. ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിന് മുന്നിൽ ഉപരോധം നടന്നത്.
ലതികാസുഭാഷിനെ പിന്തുണച്ച് നേതാക്കളും അണികളും സമൂഹമാധ്യമങ്ങളിലും സജീവമാണ്. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുന്നേ ലതികാ സുഭാഷ് ഏറ്റുമാനൂരിലെ പരിപാടികളില്‍ വളരെ സജീവമായി പങ്കെടുത്തിരുന്നു. കെപിസിസി സെക്രട്ടറി കുഞ്ഞില്ലംമ്പള്ളി, മുൻ ഡിസിസി പ്രസിഡന്‍റ് അഡ്വ.ടോമി കല്ലാനി തുടങ്ങിയവരും നിയോജകമണ്ഡലത്തിൽ സജീവമായിരുന്നു.
എന്നാൽ നിയമസഭാ സീറ്റ് തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ജോസഫ് വിഭാഗം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതലേ വൻപ്രചാരണമാണ് നടത്തിയത്. ഏറ്റുമാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സ്ഥാനം നീണ്ട തർക്കത്തിനൊടുവിൽ അവർ കോൺഗ്രസിൽ നിന്ന് കരസ്ഥമാക്കുകയും ചെയ്തു. നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിരവധി സമരങ്ങളാണ് അടുത്തകാലത്ത് ഏറ്റുമാനൂരിൽ ജോസഫ് ഗ്രൂപ്പുകാർ നടത്തിയത്.
പ്രിൻസ് ലൂക്കോസ്, അഡ്വ. മൈക്കിൾ ജയിംസ് തുടങ്ങിയവരുടെ പേരുകളാണ് മത്സരരംഗത്ത് കേൾക്കുന്നത്. ഇതിൽ അന്തിമ തീരുമാനം പാർട്ടി ചെയർമാൻ പി.ജെ .ജോസഫിന്‍റെതായിരിക്കും. ഏതായാലും എല്ലാ തിരഞ്ഞെടുപ്പുകൾപോലെയും അവസാന ഘട്ടത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായിരിക്കും എന്നാണ് നേതാക്കളുടെ വിശ്വാസം. ഏതായാലും സീറ്റ് കോണ്‍ഗ്രസിന് തന്നെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിയോജകമണ്ഡലം കമ്മറ്റി യുഡിഎഫ് ചെയര്‍മാന്‍, കെപിസിസി പ്രസിഡന്‍റ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.