07 March, 2021 10:55:36 AM
അപകട വളവുകളില്‍ പതിയിരുന്ന് വാഹനപരിശോധന; കുടുങ്ങുന്നത് 'ചെറുമീനുകള്‍'
ചങ്ങനാശ്ശേരി: മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അപകട വളവില്‍ പതിയിരുന്ന് വാഹനപരിശോധന നടത്തുന്നത് വിവാദമാകുന്നു. ചങ്ങനാശ്ശേരിയില്‍ നിരന്തരം അപകടം സൃഷ്ടിക്കുന്ന കൊടുംവളവുകളിലാണ് രാപ്പകല്‍ പരിശോധനക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കാണ് ഇത് കൂടുതല്‍ ദുരിതമാകുന്നത്.
വളവ് തിരിഞ്ഞെത്തുമ്പോള്‍ വാഹനങ്ങളുടെ മുന്നില്‍ ചാടി വീണ് തടയുന്നതാണ് ഇവരുടെ രീതിയെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇവരുടെ പരിശോധനയില്‍ 'മുന്‍കൂട്ടി വേണ്ടപോലെ കാണുന്ന' വമ്പന്മാര് കുടുങ്ങാറില്ല. നിയമങ്ങള്‍ കാറ്റില്‍പ്പറത്തി മണ്ണും മണലും പാറയുമായി തലങ്ങും വിലങ്ങും പായുന്ന ടിപ്പര്‍ലോറികള്‍ അടക്കമുള്ള വാഹനങ്ങള്‍ ഇവര്‍ പരിശോധിക്കാറില്ല. കുടുംബവുമായി എത്തുന്നവരെയും യുവതികളെയും വിദ്യാര്‍ഥികളെയുമാണ് കൂടുതലായി പരിശോധിക്കുന്നത്. കുട്ടികളുമായി സ്കൂളുകളില്‍ പോകുന്ന യുവതികള്‍ ഏറെയാണ് ഇവരുടെ അനാവശ്യപരിശോധനയില് ദുരിതം നേരിടുന്നത്.
അപകടമേഖലയായ മന്ദിരം, തുരുത്തി, തെങ്ങണ പെരുംതുരുത്തി ബൈപാസ്, റെയില്‍വേ ജങ്ഷന്, പെരുന്ന റെഡ് സ്ക്വയര്‍, എ.സി റോഡ്, ചങ്ങനാശ്ശേരി ബൈപാസിലെ അപകടമേഖലകള്‍ എന്നിവിടങ്ങളിലാണ് ഇരുചക്രവാഹന പരിശോധനക്ക് മോട്ടോര്‍ വാഹന വകുപ്പ് തമ്പടിക്കുന്നത്. നേരത്തെ പോലീസുകാരായിരുന്നു ഇത്തരം പരിശോധനകളില്‍ മുന്നില്‍നിന്നിരുന്നത്. ഇപ്പോള്‍ അവരെ കടത്തിവെട്ടിയിരിക്കുകയാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. തങ്ങളെ ഭീഷണിപ്പെടുത്തി അടപ്പിക്കുന്ന പണത്തിന് രസീത് നല്‍കുന്നതും വളരെ ബുദ്ധിമുട്ടിയാണെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. ലഭിക്കുന്ന പണം പരിശോധനസംഘത്തിലെ ഉദ്യോഗസ്ഥര്‍ വീതംവെച്ചെടുക്കുന്നുവെന്ന മോട്ടോര്‍ വാഹന വകുപ്പിലെതന്നെ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഇത് ശരിവെക്കുകയാണ്.