01 March, 2021 02:28:16 PM
കര്‍ഷകന്റെ ആത്മഹത്യാശ്രമം നീണ്ടൂരിലും; നെല്ല് കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധവും
കോട്ടയം: നെല്ല് സംഭരണത്തിൽ അധിക കിഴിവ് വേണമെന്ന ആവശ്യത്തിൽ പ്രതിഷേധിച്ച് കര്‍ഷകന്റെ ആത്മഹത്യാശ്രമം. നീണ്ടൂര്‍ കൈപ്പുഴ മാക്കോത്തറ നൂറ്പറ പാടശേഖരത്താണ് ആര്‍പ്പൂക്കര സ്വദേശിയായ കര്ഷകന് തിങ്കളാഴ്ച രാവിലെ പെട്രോള്‍ ശരീരത്ത് ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഈ സമയം പാടത്തുണ്ടായിരുന്ന മറ്റ് കര്‍ഷകര്‍ പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി.
സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ ക്വിന്റലിന് ആറ് കിലോ വരെ കിഴിവ് വേണമെന്ന അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. തിങ്കളാഴ്ച രാവിലെ മാക്കോത്തറ പാടത്ത് കര്‍ഷകന്റെ ആത്മഹത്യാശ്രമത്തിന് പിന്നാലെ സ്ഥലത്ത് ഒത്തുകൂടിയ കര്‍ഷകര്‍ പ്രതിഷേധാത്മകമായി പാടത്ത് സംഭരിച്ചിരുന്ന നെല്ല് കൂട്ടിയിട്ട് കത്തിച്ചു. കൊയ്ത്ത് കഴിഞ്ഞ് 20 ദിവസം പിന്നിട്ടിട്ടും പാടത്തുനിന്ന് നെല്ല് സംഭരിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈകൊണ്ടിരുന്നില്ല. 512 ഏക്കറോളം വരുന്ന പാടത്ത് പതിനായിരം ടണിലധികം നെല്‍ സംഭരിക്കാതെ കിടക്കുന്നത് ആകെ ബുദ്ധിമുട്ടിലാക്കിയ സാഹചര്യത്തിലാണ് പ്രത്യക്ഷസമരവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്.
ജില്ലയിലാകെ നെല്ലുസംഭരണവിഷയത്തില് തര്‍ക്കം നിലനില്‍ക്കുകയാണ്. സംഭരിക്കുന്ന നെല്ലിന്റെ അളവില്‍ ക്വിന്റലിന് ആറ് കിലോ വരെ കിഴിവ് വേണമെന്ന മില്ലുകാരുടെ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തില്‍ കർഷകർ തിങ്കളാഴ്ച ജില്ലാ പാഡി ഓഫീസ് ഉപരോധിച്ചു. ചൊവ്വാഴ്ച പാഡി മാനേജരുടെ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടത്താമെന്ന് സപ്ലൈകോ എംഡി അലി അസ്കർ പാഷ ഉറപ്പ് നൽകി.
കഴിഞ്ഞ ബുധനാഴ്ച കല്ലറ കൃഷി ഓഫീസിലും സമാനമായ സംഭവം നടന്നിരുന്നു. നെല്ലിന്റെ ഗുണമേന്മ കുറഞ്ഞതിനാല്‍ എടുക്കാനാവില്ലെന്ന് സപ്ലൈകോ കരാര്‍ ഏല്‍പ്പിച്ച മില്ലുകള്‍ നിലപാടെടുത്തതോടെ കൃഷിഭവനിലെത്തിയ കര്ഷകന് പൊട്രോള്‍ ഒഴിച്ച് ആത്മഹത്യക്കൊരുങ്ങുകയായിരുന്നു. തലയാഴം സ്വദേശി സെബാസ്റ്റ്യന്‍ ആയിരുന്നു അന്ന് സ്വശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്കൊരുങ്ങിയത്. തീ കൊളുത്തുംമുമ്പ് കൃഷിഭവനിലെ ജീവനക്കാര്‍ കൂടി പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി.
കല്ലറയില്‍ 30 ഏക്കറോളം വരുന്ന പാടത്ത് കൃഷി ചെയ്ത സെബാസ്റ്റ്യന്‍ രണ്ട് മാസം മുമ്പ് കൊയ്തെങ്കിലും ഗുണനിലവാരം തീരെ കുറവെന്ന കാരണം പറഞ്ഞ് നെല്ല് ആരും എടുക്കാതെ പാടത്ത് തന്നെ കിടക്കുകയായിരുന്നു. കൃഷിഭവനിലെത്തി ആത്മഹത്യാശ്രമം നടത്തിയതിനുപിന്നാലെ പഞ്ചായത്ത് അധികൃതരും കൃഷി ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ നെല്ല് സംഭരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.