24 February, 2021 03:35:21 PM
നെല്ലിന്‍റെ ഗുണമേന്മ കുറഞ്ഞെന്ന് സപ്ലൈകോ; ആത്മഹത്യക്കൊരുങ്ങി കര്‍ഷകന്‍
കല്ലറ: നെല്ലിന്‍റെ ഗുണമേന്മ കുറഞ്ഞതിനാല്‍ എടുക്കാനാവില്ലെന്ന് സപ്ലൈകോ കരാര്‍ ഏല്‍പ്പിച്ച മില്ലുകള്‍ നിലപാടെടുത്തതോടെ പൊട്രോള്‍ ഒഴിച്ച് ആത്മഹത്യക്കൊരുങ്ങി കര്‍ഷകന്‍. കല്ലറ കൃഷി ഭവനില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. തലയാഴം സ്വദേശി പാലത്തിങ്കല്‍ സെബാസ്റ്റ്യന്‍ ആണ് സ്വശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്കൊരുങ്ങിയത്. തീ കൊളുത്തുംമുമ്പ് കൃഷിഭവനിലെ ജീവനക്കാര്‍ കൂടി പിടിച്ചുമാറ്റിയതിനാല്‍ അപകടം ഒഴിവായി.
കല്ലറയില്‍ 30 ഏക്കറോളം വരുന്ന പാടത്ത് കൃഷി ചെയ്ത സെബാസ്റ്റ്യന്‍ രണ്ട് മാസം മുമ്പ് കൊയ്തെങ്കിലും നെല്ല് ആരും എടുക്കാതെ പാടത്ത് തന്നെ കിടക്കുകയായിരുന്നു. സപ്ലൈകോ ആണ് നെല്ല് ഏറ്റെടുക്കേണ്ടത്. ഗുണനിലവാരം തീരെ കുറവെന്ന കാരണം പറഞ്ഞാണ് സെബാസ്റ്റ്യന്‍റെ പാടത്തെ നെല്ല് മാത്രം എടുക്കാതെ സപ്ലൈകോ ചുമതലപ്പെടുത്തിയ മില്ലുകള്‍ പിന്‍വാങ്ങിയത്. എന്നാല്‍ കൃഷി ഓഫീസറുടെ ഇടപെടലിനെ തുടര്‍ന്ന് പള്ളിക്കല്‍ അഗ്രോമില്‍ എന്ന സ്ഥാപനം നെല്ലുടെക്കാന്‍ തയ്യാറായി രംഗത്തുവന്നെങ്കിലും അവരും ഗുണനിലവാരം കുറവെന്ന് തന്നെ വിധിയെഴുതി.
പതിരും കറവലും ഉള്‍പ്പെടെ 26 ശതമാനം നെല്ലും മോശമാണെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. തുടര്‍ന്ന് കൃഷിഭവന്‍റെ ഇടപെടലിലൂടെ നെല്ല് വീണ്ടും ഒഴുക്കിയെടുക്കാന്‍ സെബാസ്റ്റ്യന്‍ തയ്യാറായി. എന്നിട്ടും 20.2 ശതമാനം കറവല്‍ അവശേഷിച്ചുവത്രേ. കിലോയ്ക്ക് 28 രൂപ നാല്‍പത് പൈസ വീതം കര്‍ഷകന് ലഭ്യമാക്കുന്ന നെല്ലിന് 3 ശതമാനം പതിരും അഞ്ച് ശതമാനം കറവലുമാണ് മില്ലുകള്‍ക്ക് സാധാരണ കുറയ്ക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ മോശമാണെന്ന് വിധിയെഴുതി തന്‍റെ നെല്ല് ഏറ്റെടുക്കാതിരിക്കാനുള്ള നീക്കത്തില്‍ സെബാസ്റ്റ്യന്‍ നേരത്തെതന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
മന്ത്രി, എംഎല്‍എ, ജില്ലാ കളക്ടര്‍ എന്നിവര്‍ ഇടപെട്ട് നെല്ല് ഏറ്റെടുക്കാന്‍ അവസാനം തയ്യാറായി വന്നതിനിടെയാണ് ബുധനാഴ്ച രാവിലെ സെബാസ്റ്റ്യന്‍ കൃഷിഭവനിലെത്തി ആത്മഹത്യക്കൊരുങ്ങിയത്. അവസാനം ഗ്രാമപഞ്ചായത്ത് അധികൃതരും രംഗത്തെത്തി സംഭവം ഒത്തുതീര്‍പ്പിലെത്തിച്ചു. 5 ശതമാനം മാത്രം കുറവ് വരുത്തി നെല്ല് ഏറ്റെടുക്കണമെന്നും അതിലൂടെ മില്ലുകാര്‍ക്ക് വരുന്ന നഷ്ടം തങ്ങള്‍ നികത്തുന്നതാണെന്നും ഗ്രാമപഞ്ചായത്ത് ഉറപ്പുനല്‍കി. ഇതേതുടര്‍ന്ന് നെല്ല് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സപ്ലൈകോ അധികൃതര്‍ തുടക്കം കുറിച്ചു.