18 February, 2021 03:22:19 PM
ബഡ്ജറ്റുമായി സൈക്കിള്‍ യാത്ര: വേറിട്ട സമരവുമായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്
ഏറ്റുമാനൂർ: ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ വൈസ് പ്രസിഡന്‍റ് എത്തിയത് സാധാരണക്കാരന്‍റെ വാഹനമായ സൈക്കിളില്‍. പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് കേരള കോൺഗ്രസ് (എം) നേതാവ് കൂടിയായ വൈസ് പ്രസിഡന്‍റ് തോമസ് കോട്ടൂർ തന്‍റെ നാടായ നീണ്ടൂരില്‍നിന്നും എട്ട് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഏറ്റുമാനൂര്‍ കച്ചേരികുന്നിന്‍മുകളിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തിയത്.
ബഡ്ജറ്റുകളുടെ തമ്പുരാൻ എന്നറിയപ്പെടുന്ന മുന്‍മന്ത്രി കെഎം മാണിയുടെ ശിഷ്യൻ കൂടിയായ തോമസ് കോട്ടൂരിന്‍റെ കന്നി ബഡ്ജറ്റ് അവതരണമായിരുന്നു വ്യാഴാഴ്ച നടന്നത്. സാധാരണക്കാരായ ജനങ്ങളുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നാം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ ബഡ്ജറ്റിലൂടെ യാതൊന്നും ചെയ്യാൻ സാധിക്കാത്തതിനാലാണ് ഈ വേറിട്ട പ്രതിഷേധമെന്ന് തോമസ് കോട്ടൂര്‍ പറയുന്നു.
ഇന്ധനവിലക്കയറ്റത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്ന പ്ലാക്കാര്‍ഡ് സൈക്കിളിനു മുന്നില്‍ ഘടിപ്പിച്ചിരുന്നു. ബഡ്ജറ്റ് അടങ്ങിയ ബാഗ് സൈക്കിളിന്‍റെ പിന്നിലെ പെട്ടിയിലും സൂക്ഷിച്ചുകൊണ്ടായിരുന്നു കോട്ടൂരിന്‍റെ യാത്ര. നീണ്ടൂരില്‍ എൽഡിഎഫ് പ്രവർത്തകർ ഉള്‍പ്പെടെ ആളുകള്‍ കോട്ടൂരിനെ യാത്രയാക്കാന്‍ എത്തിയിരുന്നു.