17 February, 2021 09:34:21 AM
ബഡ്ജറ്റ് അവതരണത്തിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ യാത്ര സൈക്കിളില്‍
നീണ്ടൂര്‍: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ വീട്ടില്‍നിന്നും പോകുന്നത് സാധാരണക്കാരന്‍റെ വാഹനമായ സൈക്കിളില്‍. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ധനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയായ വൈസ് പ്രസിഡന്‍റ് തോമസ് കോട്ടൂരിന്‍റേതാണ് ഈ അസാധാരണ പ്രഖ്യാപനം.
നാളെ നടക്കുന്ന ബഡ്ജറ്റ് അവതരണത്തിന് നീണ്ടൂരിലെ തന്‍റെ വീട്ടില്‍ നിന്നും എട്ട് കിലോമീറ്ററിലധികം സൈക്കിള്‍ ചവിട്ടിയാകും തോമസ് കോട്ടൂര്‍ ഏറ്റുമാനൂര്‍ കച്ചേരികുന്നിന്‍മുകളിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തുക. നീണ്ടൂര്‍ ഡിവിഷനില്‍നിന്നും കേരളാ കോണ്‍ഗ്രസ് (എം) പ്രതിനിധിയായി ജയിച്ച തോമസ് കോട്ടൂരിന്‍റെ കന്നി ബഡ്ജറ്റാണിത്.
ഇതുസംബന്ധിച്ച് തോമസ് കോട്ടൂരിന്‍റെ കുറിപ്പ് ഇങ്ങനെ...
'എന്‍റെ ജീവിതത്തിലെ വളരെ പ്രാധാന്യം ഉള്ള ഒരു ദിവസം ആണ് നാളെ. ഞാൻ ആദ്യമായി ബ്ലോക്ക് പഞ്ചായത്തിൽ എന്‍റെ ബഡ്ജറ്റ് അവതരിപ്പിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന ഈ ബഡ്ജറ്റിൽ കേന്ദ്രസർക്കാരിന്‍റെ പെട്രോൾ ഡീസൽ വില വർദ്ധനവിൽ ബുദ്ധിമുട്ടി ജീവിക്കുന്ന സാധാരണക്കാരെ സഹായിക്കാൻ എനിക്കു സാധിക്കില്ല എന്ന തിരിച്ചറവിൽ അവരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നാളെ നീണ്ടൂരിൽ നിന്ന് ബ്ലോക് പഞ്ചായത്ത് ഓഫീസിലേയ്ക്ക് സൈക്കിൾ ചവിട്ടി ബഡ്ജറ്റ് അവതരിപ്പിക്കുവാൻ പോവുകയാണ്. കേന്ദ്രസർക്കാരിന്‍റെ പെട്രോൾ ഡീസൽ വില വർദ്ധനവിൽ എന്‍റെ പ്രതിഷേധം അങ്ങനെ ഞാൻ രേഖപ്പെടുത്തുന്നു'