09 February, 2021 10:54:13 AM


ശസ്ത്രക്രീയയ്ക്ക് കൈക്കൂലി: വൈക്കം ഗവ. ആശുപത്രിയിലെ യുവഡോക്ടര്‍ അറസ്റ്റില്‍



കോട്ടയം: വൈക്കം ഗവണ്‍മെന്‍റ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ യുവസര്‍ജന്‍ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആര്‍ ആണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തിന്‍റെ പിടിയിലായത്. തലയാഴം സ്വദേശിനിയുടെ ഭര്‍ത്താവിന് വയറുവേദനയെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. തുടര്‍ന്ന് അപ്പെന്‍ഡിക്‌സ് ശസ്ത്രക്രിയ നിശ്ചയിക്കുകയും വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.


രണ്ടു ദിവസം കഴിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്തിയില്ല. ഇതേ തുടര്‍ന്നു, രോഗിയുടെ ബന്ധുക്കള്‍ ഡോ. ശ്രീരാഗിനെ സമീപിച്ചു. ഡിസംബര്‍ 23 ന് വൈക്കം കെഎസ്ആര്‍ടിസി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് കണ്ടത്. രോഗിയുടെ ബന്ധുവിനോട് ഇദ്ദേഹം അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 2500 രൂപ പരാതിക്കാരി ഡോക്ടര്‍ക്കു കൈമാറി. തുടര്‍ന്നു ഡിസംബര്‍ 24 ന് തന്നെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി.


തുടര്‍ന്ന് വയറുവേദനയ്ക്ക് ശമനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ സമീപ്പിച്ചപ്പോള്‍ ഒരു ഓപ്പറേഷന്‍ കൂടി ചെയ്യണമെന്നായി. ഇതിനായി 2,500 രൂപ കൂടി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് തലയാഴം സ്വദേശിനി വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്‍കിയ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെഎസ്ആര്‍ടിസി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ വച്ച് ഡോ. ശ്രീരാഗ് കൈപ്പറ്റി. ഈ തുക ഇയാളുടെ മേശ വലിപ്പില്‍ നിന്ന് കണ്ടെടുത്തു. പണം കണ്ടെടുത്തതിനു പിന്നാലെ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടി. കൈക്കൂലി തുക ഉള്‍പ്പെടെ 15,540 രൂപ വിജിലന്‍സ് സംഘം ഇയാളുടെ മേശയില്‍ നിന്നും പിടിച്ചെടുത്തു. 


വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഡിവൈഎസ്പി. വി ജി രവീന്ദ്രനാഥിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എന്‍., സജു എസ്. ദാസ്, എന്നിവരുള്‍പ്പെട്ട സംഘമാണ് ഡോ. ശ്രീരാഗിനെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K