04 February, 2021 12:18:57 PM
നീണ്ടൂര്‍ പ്രാലേൽ 'ആളെകൊല്ലി' പാലം പൊളിച്ചു പണിയുവാന്‍ ജനകീയ സമരം
നീണ്ടൂർ: ഇന്നലെ ഉണ്ടായ വാഹനാപകടത്തില്‍ ചേർത്തല സ്വദേശി മരിക്കാൻ ഇടയായ സാഹചര്യത്തില്‍ നീണ്ടൂര്‍ പ്രാലേൽ പാലം ഉടനടി പൊളിച്ച് പണിയണം എന്ന് ആവശ്യപ്പെട്ട് ജനകീയസമരവുമായി കേരളാ കോൺഗ്രസ്. പ്രാലേൽ പാലത്തിൽ കേരളാ കോൺഗ്രസ് (എം) നീണ്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ മുൻ എംഎൽഎ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു.
രാഷ്ടിയസമരത്തിന് അപ്പുറം ഇതൊരു ജനകീയ സമരം ആണെന്നും ഈ സമരത്തിന് കേരളാ കോൺഗസ്സ് പിന്തുണ നൽകുമെന്നും ഇനിയും ഒരു ജീവൻ നഷ്ടപ്പെടുവാൻ അനുവദിക്കില്ലെന്നും അതിനായി തുടർ സമരങ്ങൾ ആവിഷ്കരിക്കുമെന്നും നീണ്ടൂരിന്‍റെ ഈ ജനകീയ ആവശ്യത്തിന് എല്ലാ പിന്തുണ നൽകുമെന്നും അധ്യക്ഷത വഹിച്ച ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് തോമസ് കോട്ടൂർ പറഞ്ഞു.
ഇന്നലെ വൈകിട്ട് 5.30ന് പാലത്തില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടനിര്‍മ്മാണ കരാര്‍തൊഴിലാളിയായ ചേര്‍ത്തല തിരുനല്ലൂര്‍ കുന്നത്ത് കെ.പി.ബാബു (53) ദാരുണമായി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് അപകടങ്ങളാണ് പാലത്തില്‍ ഉണ്ടായത്. ഇവരില്‍ രണ്ട് പേര്‍ക്ക് ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ആയിട്ടില്ല.
പ്രതിഷേധസമരത്തില്‍ ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് ജോസ് ഇടവഴിക്കൻ, പഞ്ചായത്ത് വെസ് പ്രസിഡന്‍റ് പുഷ്പമ്മ തോമസ് പഞ്ചായത്ത് മെംബർ ആലീസ് ജോസഫ്, പെന്നപ്പൻ ആർപ്പുക്കര, ജോസ്മോൻ ജോസ്, ജോസി സി ജോസഫ്, നിഖിൽ ഫിലിപ്പ് മനോജ് എക്കാലായിൽ, ജോഷി ഇലഞ്ഞിയില്‍, സിജോ ഗോപാൽ, ജോണി തറയ്ക്കൽ, ജെയിംസ് നെടുംതുരുത്തി , കുട്ടൻ കണിയാംകുന്ന്, അനിയൻ കുഞ്ഞ് ചിറയ്ക്കൽ, സിബിൾ തറയ്ക്കൽ, മധു മാത്യു, ബോസ് നീണ്ടൂർ, ജോണികുട്ടി നെടും തെട്ടിയിൽ, ലിബിൻ ലൂക്കോസ്, ജെയ്സൺ പ്ലാചേരിൽ തുടങ്ങിയവർ പങ്കെടുത്തു.