02 February, 2021 05:47:54 PM


'സാന്ത്വന സ്പര്‍ശം' കോട്ടയം ജില്ലാ അദാലത്ത്: പരാതികൾ നാളെ മുതൽ നൽകാം



കോട്ടയം: മന്ത്രിമാരായ പി. തിലോത്തമൻ,  കെ. കൃഷ്ണൻകുട്ടി, ഡോ. കെ.ടി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന 'സാന്ത്വന സ്പര്‍ശം' അദാലത്തിലേക്കുള്ള പരാതികൾ പൊതുജനങ്ങൾക്ക് ഫെബ്രുവരി 3  മുതൽ ഓൺലൈനില്‍ സമര്‍പ്പിക്കാം.
 
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ പോര്‍ട്ടലില്‍  (https://cmo.kerala.gov.in/)  നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ  പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിൽ   പരാതികള്‍ സൗജന്യമായി സമര്‍പ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്‍പതിനു വൈകുന്നേരം വരെ സ്വീകരിക്കും. വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും നേരിട്ടും പരാതികള്‍  നല്‍കാം.


പരാതികളിൽ സ്വീകരിച്ച തുടര്‍നടപടികൾ അതത് വകുപ്പുദ്യോഗസ്ഥർ പരാതിക്കാരെ രേഖസമയബന്ധിതമായി അറിയിക്കും. തീർപ്പാക്കാൻ സാധിച്ചില്ലെങ്കിൽ അതിൻ്റെ കാരണം വ്യക്തമാക്കുന്ന മറുപടി നൽകും.  ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സഹിതം അദാലത്തുകളിൽ ഹാജരാകണമെന്നാണ്  ജില്ലാതല വകുപ്പുമേധാവികൾ, ആർ.ഡി.ഒമാർ, തഹസിൽദാർമാർ, ബി .ഡി.ഒ മാർ, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവർക്ക് ജില്ലാ കളക്ടർ  നൽകിയിട്ടുള്ള നിർദ്ദേശം.


താലൂക്ക് അടിസ്ഥാനത്തിലാണ് 'അദാലത്തുകൾ സംഘടിപ്പിച്ചിരിക്കുന്നത്. മീനച്ചില്‍, കോട്ടയം താലൂക്കൂകളിലെ അദാലത്ത് 15ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലേത് 16ന് കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയത്തിലും വൈക്കം താലൂക്കിലെ അദാലത്ത് 18ന് വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തിലുമാണ് നടത്തുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K