20 December, 2020 07:11:31 AM
കോട്ടയം നഗരസഭ: ഭരണം പിടിക്കാൻ ഇടതു -വലതു മുന്നണികൾ സ്വതന്ത്രയുടെ പിന്നാലെ

കോട്ടയം: കോട്ടയം നഗരസഭയിൽ ഭരണം പിടിക്കാൻ സ്വതന്ത്രയുടെ പിന്നാലെ ഇടതു വലതു മുന്നണികൾ. ഗാന്ധിനഗർ സൗത്ത് വാർഡിൽനിന്നു മത്സരിച്ചു വിജയിച്ച ബിൻസി സെബാസ്റ്റ്യനുമായി രണ്ടു മുന്നണി നേതൃത്വവും ശനിയാഴ്ചയും ചർച്ച നടത്തി. യുഡിഎഫിന്റെ മുനിസിപ്പൽ കമ്മിറ്റി ശനിയാഴ്ച യോഗം ചേർന്ന് ബിൻസി സെബാസ്റ്റ്യനെ ചെയർപേഴ്സണാക്കാമെന്ന് ധാരണയിലെത്തി. എന്നാൽ അഞ്ചു വർഷവും ബിൻസിക്ക് ചെയർപേഴ്സണ് പദവി നൽകുന്നതിനോട് കോണ്ഗ്രസ് നേതൃത്വത്തിൽ അഭിപ്രായഭിന്നതയുണ്ട്.
ഇടതു മുന്നണി നേതൃത്വത്തിനും ബിൻസിക്ക് അഞ്ചു വർഷവും ചെയർപേഴ്സണ് പദവി നൽകുന്നതിനോട് യോജിപ്പില്ല. തങ്ങളുടെ പാർട്ടിയുടെ പ്രതിനിധികൾക്കും ചെയർപേഴ്സണ് പദവി നൽകണമെന്ന് അഭിപ്രായം സിപിഎമ്മിൽ ശക്തമാണ്. വർഷങ്ങൾക്കു ശേഷം ഭരണം കിട്ടുന്പോൾ തങ്ങളുടെ പാർട്ടിയുടെ പ്രതിനിധിക്കു പദവി ലഭിക്കാതിരിക്കുന്നത് ശരിയായ കീഴ്വഴക്കമല്ലെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായം ശക്തമായിട്ടുണ്ട്. ശനിയാഴ്ച ചേർന്ന സിപിഎം പാർലമെന്ററി പാർട്ടിയോഗത്തിലും ഇതേ അഭിപ്രായമാണുയർന്നത്.
52 അംഗ നഗരസഭയിൽ യുഡിഎഫിന് 21 സീറ്റും എൽഡിഎഫിന് 22 സീറ്റും എൻഡിഎയ്ക്ക് എട്ടു സീറ്റമാണുള്ളത്. ബിൻസിയുടെ പിന്തുണ യുഡിഎഫ് ഉറപ്പിച്ചാൽ തുല്യ വോട്ടു വന്ന് നറുക്കെടുപ്പ് വേണ്ടിവരും. എൽഡിഎഫിനൊപ്പം ചേർന്നാൽ എൽഡിഎഫിനു ഭൂരിപക്ഷം വർധിക്കും. എൽഡിഎഫിനൊപ്പം ചേർന്നാൽ ബിൻസിക്ക് ചെയർപേഴ്സണ് പദവി ലഭിക്കും. യുഡിഎഫിനൊപ്പം ചേർന്നാൽ നറുക്കെടുപ്പ് ഭാഗ്യപരീക്ഷണമാകും. 52-ാം വാർഡിൽനിന്ന് എട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിൻസി വിജയിച്ചത്.