03 November, 2020 12:14:04 PM
55 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കല്ലമ്പാറ ഷോപ്പിംഗ് കോംപ്ലക്സും അനക്സും നാടിന് സമര്‍പ്പിച്ചു

കടുത്തുരുത്തി: കാണക്കാരി ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ കല്ലംമ്പാറയിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നടപ്പാക്കിയ ഓഫീസ് അനക്സ് ബിൽഡിംഗും ഷോപ്പിംഗ് കോംപ്ലക്സും നാടിന് സമര്‍പ്പിച്ചു. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ആവിഷ്കരിച്ച "വിഷൻ - 2020" പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കല്ലംമ്പാറ വികസന പദ്ധതി നടപ്പാക്കാൻ സാഹചര്യം ഉണ്ടാക്കിയത്.
എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട് ഘട്ടങ്ങളിലായി മോൻസ് ജോസഫ് അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയത്. ദീർഘ കാലമായി അന്യാധീനപ്പെട്ട് കിടന്നിരുന്ന കല്ലംമ്പാറ ഷോപ്പിംഗ് കോംപ്ലക്സ് പ്രൊപ്പോസൽ ജനോപകാരപ്രദ വികസന പദ്ധതിയായി നടപ്പാക്കാന്‍ മോൻസ് ജോസഫ് എം.എൽ.എ നേതൃത്വം നൽകുകയായിരുന്നു. വിവിധങ്ങളായ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് കൊണ്ടാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
രണ്ട് നിലകളിലായി സൗകര്യപ്രദമായ രണ്ട് ഓഡിറ്റോറിയം, ടോയ്ലറ്റ് ബ്ലോക്ക്, ഓഫീസ് അനക്സ് ബിൽഡിംഗ്, ഇലക്ട്രിക്കൽ വർക്കുകളുടെ പൂർത്തീകരണം, പടിപ്പുര, ടൈൽ റോഡ് നിർമ്മാണം എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് കല്ലംമ്പാറ വികസന പദ്ധതി നടപ്പാക്കിയത്. കുറുമുള്ളൂർ, കല്ലംമ്പാറ, വേദഗിരി, കലിഞ്ഞാലി, ചാമക്കാല തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ ജനങ്ങൾക്കും ഉപകരിക്കുന്ന വിധത്തിലാണ് പ്രൊജക്ട് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. കല്ലംമ്പാറ ഷോപ്പിംഗ് കോംപ്ലക്സിന് വേണ്ടി സ്ഥലം വിട്ട് നൽകിയത് കുറുമുള്ളൂർ പട്ടമന ഇല്ലം തിരുമേനിയുടെ കുടുംബമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം കൃത്യനിഷ്ഠയോടെ പൂർത്തിയാക്കാനും, യാഥാർത്ഥ്യമാക്കാനും കഴിഞ്ഞതിൽ ഏറ്റവും കൂടുതൽ ചാരിതാർത്ഥ്യമുണ്ടെന്ന് മന്ദിരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മോൻസ് ജോസഫ് എം.എൽ.എ പ്രസ്താവിച്ചു. കല്ലംമ്പാറ ഗ്രൗണ്ടിനോട് ചേർന്ന് ഓപ്പൺ സ്റ്റേജ് നിർമ്മിക്കുന്നതിനും, ഹൈമാസ്റ്റ് ലൈറ്റ് കല്ലംമ്പാറ ജംഗ്ഷനിൽ സ്ഥാപിക്കുന്നതിനും ആവശ്യമായ എം.എൽ.എ ഫണ്ട് അനുവദിക്കുമെന്നും മോൻസ് ജോസഫ് യോഗത്തിൽ അറിയിച്ചു.
കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി.പി.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജെസി മാത്യു, മെമ്പർമാരായ മിനിമോൾ സതീശൻ, റോയി ചാണകപ്പാറ, മുൻ മെമ്പർ മുരളി വേങ്ങത്ത്, പഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ്ബ്, അസിസ്റ്റന്റ് എൻജിനീയർ നീത, ജോസ് കുമ്പിളുമൂട്ടിൽ, ഷിൻസ് കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.