15 October, 2020 01:40:22 PM
വെള്ളത്തില്‍ മുങ്ങി മണ്ണുമാന്തി യന്ത്രം: പൊക്കാനാവാതെ ഉടമ; തുടര്‍ക്കഥയായി അപകടങ്ങള്‍

കുമരകം: പടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മിക്കുവാന്‍ എത്തിച്ച മണ്ണുമാന്തി യന്ത്രം വള്ളങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഭീഷണിയായി വെള്ളത്തില്‍. രാത്രി കാലങ്ങളില്‍ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതിനാല്‍ മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ച് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഒരു വര്‍ഷമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന യന്ത്രം മാറ്റാന്‍ അധികൃതര്‍ തയാറാവുന്നുമില്ല. എന്തിന്, അപകട സിഗ്നല്‍ സ്ഥാപിക്കാനും ആരും തയാറായിട്ടുമില്ല.
കുമരകം മുത്തേരിമട ആറ്റിലാണ് ജലഗതാഗതം തടസമാകുന്ന രീതിയില്‍ ക്രെയിന്‍ ഘടിപ്പിച്ച് മണ്ണ്മാന്തിയന്ത്രം വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്. മറ്റു പ്രദേശങ്ങളില്‍ നിന്ന് കുമരകത്ത് വള്ളത്തില്‍ എത്തുന്ന തൊഴിലാളികള്‍ മത്സ്യബന്ധനത്തിനും മറ്റും സഞ്ചരിക്കുന്ന പ്രധാന തോടാണ് മുത്തേരിമട ആറ്. ആപ്പ്കായല്‍, പത്ത്പങ്ക്, പതിനാലായിരം പാടശേഖരങ്ങളില്‍ പുറം ബണ്ട് നിര്‍മ്മിക്കാന്‍ കഴിഞ്ഞ വര്‍ഷം കരാറെടുത്ത സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതതയിലുള്ളതാണ് മണ്ണ് മാന്തിയന്ത്രം. ഓപ്പറേറ്ററുടെ അഭാവം മൂലം മാസങ്ങളോളം നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് വെള്ളം കയറി മുങ്ങുകയായിരുന്നു. പല പ്രാവശ്യം യന്ത്രം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മാസങ്ങളായി ആരും ഇവിടേക്ക് തിരിഞ്ഞുനോക്കുന്നുമില്ല.
തോട്ടിലെ സ്വഭാവിക ഒഴുക്കിന് തടസം സൃഷ്ടിക്കുന്നുണ്ട് ഈ മണ്ണുമാന്തി യന്ത്രം. ഒഴുകിയെത്തുന്ന പോളയും മാലിന്യങ്ങളും ഇതിലടിഞ്ഞ് പാരിസ്ഥിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഈ പ്രദേശത്ത് രാത്രി വെള്ളിച്ചമില്ലാത്തതിനാല്‍ വള്ളങ്ങള്‍ ഇതിലിടിച്ച് അപകടത്തില്‍പ്പെടുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവാപായം സംഭവിക്കാതിരിക്കുന്നത്. അടിയന്തരമായി യന്ത്രം നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പല പ്രാവശ്യങ്ങളിലായി യന്ത്രം നീക്കം ചെയ്യാന്‍ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയതാണെന്നും നടപടി സ്വീകരിക്കാത്തതിനാല്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കി നിയമ നടപടി സ്വീകരിക്കുമെന്നും കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് എ.പി സലിമോന്‍ പറയുന്നു.