29 September, 2020 02:00:27 PM
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കോവിഡ്; ഏറ്റുമാനൂര്‍ നഗരസഭ അടച്ചു
ഏറ്റുമാനൂര്‍: കോവിഡ് ബാധിച്ച ജീവനക്കാരുടെ എണ്ണം മൂന്ന് ആയതോടെ ഏറ്റുമാനൂര്‍ നഗരസഭാ ഓഫീസ് അടയ്ക്കാന്‍ തീരുമാനം. ഏറ്റവുമവസാനം കോവിഡ് സ്ഥിരീകരിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ സമ്പര്‍ക്കലിസ്റ്റ് കൂടുതല്‍ ആയതിനാലാണ് ഇന്ന് ഉച്ചയ്ക്കുശേഷം നഗരസഭ അടയ്ക്കാന്‍ തീരുമാനിച്ചത്. ഇന്നലെ മുപ്പതോളം അംഗങ്ങള്‍ പങ്കെടുത്ത കൌണ്‍സില്‍ യോഗത്തിലും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇതോടെ ചെയര്‍മാന്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത കൌണ്‍സിലര്‍മാരെല്ലാവരും ജീവനക്കാരും ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശമുണ്ടായി.
കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭാ ആരോഗ്യവിഭാഗത്തിലെത്തി ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ പൊതുജനങ്ങള്‍ സ്വയം ക്വാറന്‍റീനില്‍ പ്രവേശിക്കണമെന്ന് ആരോഗ്യകാര്യസ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് അറിയിച്ചു. നേരത്തെ പൊതുമരാമത്ത് സെക്ഷനിലെ ഓവര്‍സിയര്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് പൊതുമരാമത്ത് സെക്ഷന്‍ നേരത്തെ അടച്ചിരുന്നു. തുടര്‍ന്നാണ് നഗരസഭയിലെ മറ്റൊരു ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഓഫീസ് അടച്ചിടാനാണ് തീരുമാനം.