28 September, 2020 09:36:51 PM
'കുട്ടിക്കള്ളൻ' ഏറ്റുമാനൂരില്‍: വ്യാപാരികളുടെ ഉറക്കം കെടുത്തി പതിനൊന്നുകാരന്‍

ഏറ്റുമാനൂർ : ഏറ്റുമാനൂരിലെ വ്യാപാരികളുടെ ഉറക്കം കെടുത്തി കുട്ടിക്കള്ളൻ വിലസുന്നു. മോഷണകുറ്റത്തിന് ജൂവനൈൽ ഹോമിൽ ശിക്ഷ അനുഭവിച്ചിരുന്ന തിരുവാതുക്കൽ സ്വദേശിയായ പതിനൊന്നുകാരനാണ് കുട്ടി മോഷ്ടാവ് എന്നാണറിയുന്നത്. ഇതിനോടകം ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലുമായി 11 മോഷണങ്ങള്‍ നടത്തിയതായാണ് വിവരം. ജൂവനൈൽ ഹോമിൽ നിന്നും ചാടി പോയ ബാലനാണിതെന്നും സംശയമുണ്ട്.
കഴിഞ്ഞ ദിവസം ശക്തിനഗര്‍ ബസ് സ്റ്റോപ്പിന് എതിർ വശത്തുള്ള ശ്രീലക്ഷ്മി എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തില്‍നിന്ന് 1800 രൂപ മോഷ്ടിച്ചു. കടയുടമ ഗ്ലാസ് ഡോർ ചാരിയ ശേഷം പുറത്തേയ്ക്ക് മാറിയ സമയം ഉള്ളില്‍ കടന്ന് മേശ വലിപ്പിനുള്ളിൽ റബ്ബർ ബാഡ് ഇട്ട് കെട്ടിവച്ചിരുന്ന പണം മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. സ്ഥാപനത്തോട് ചേര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ പണിക്കാരുടെ കണ്ണ് വെട്ടിച്ചായിരുന്നു പയ്യന്‍ അകത്ത് പ്രവേശിച്ചത്. സി.സി.ടി.വി.യിൽ കുട്ടി മോഷ്ടാവിന്‍റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് കടയുടമ ഗോപാലകൃഷ്ണന്‍ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി.