19 September, 2020 02:44:26 PM
പാലാ പൂവരണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

പാലാ: പൊൻകുന്നം-പാലാ റൂട്ടിൽ പൂവരണിയിലുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ഉപ്പുതറ കൊച്ചുചെരുവിൽ സന്ദീപ് (31), നരിയംപാറ ഉറുന്പിയിൽ വിഷ്ണു വിജയൻ (26) എന്നിവരാണ് മരിച്ചത്. രാവിലെ 8.30ന് യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ലിജു (29) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻഡസ് മോട്ടോഴ്സിലെ ജീവനക്കാരാണ് മൂവരും.
തലയോലപ്പറന്പിലേക്കു പോകുന്പോഴാണ് കാർ അപകടത്തിൽ പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇവരെ കാറിൽ നിന്നും പുറത്തെടുത്ത് ആദ്യം പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ സന്ദീപും മെഡിക്കൽ കോളജിലെത്തിയതിനു ശേഷം വിഷ്ണുവും മരിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.