08 September, 2020 02:19:15 PM
സിപിഎമ്മില്‍ വിള്ളല്‍: പരസ്പരം ചെളിവാരിയെറിഞ്ഞ് ഏറ്റുമാനൂര്‍ നഗരസഭാ അംഗങ്ങള്‍

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ സിപിഎമ്മിലും കേരളാ കോണ്‍ഗ്രസിലും വിള്ളല്‍ വീഴ്ത്തി ജനപ്രതിനിധികളുടെ മലക്കം മറിച്ചില്‍. നഗരസഭയില്‍ ഇന്ന് നടന്ന രണ്ട് സമാന്തര കൌണ്‍സില്‍ യോഗങ്ങളില്‍ ഇരു പാര്‍ട്ടികളിലേയും അംഗങ്ങള്‍ ചേരിതിരിഞ്ഞ് പങ്കെടുത്തത് വന്‍ വിവാദത്തിന് തിരികൊളുത്തി. രണ്ട് യോഗങ്ങളിലും അംഗങ്ങള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് സംസാരിച്ചത് പാര്‍ട്ടിക്കുള്ളിക്കുള്ളിലെ അഭിപ്രായവ്യത്യാസവും ഐക്യമില്ലായ്മയും മറനീക്കി പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. ഒരു യോഗത്തില്‍ അഴിമതികളാണ് ചര്‍ച്ചാവിഷയമായതെങ്കില്‍ ചെയര്‍മാന്‍റെ അധ്യക്ഷതയില്‍ നടന്ന സമാന്തരയോഗത്തില്‍ സംസാരിച്ചവര്‍ ഏറെയും പ്രാധാന്യം നല്‍കിയത് വ്യക്തിഹത്യയ്ക്കായിരുന്നു.
അഴിമതിക്ക് ചെയര്‍മാനും സംഘവും കളമൊരുക്കുന്നുവെന്ന് ആരോപിച്ച് മുന്‍ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെയും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസിന്‍റെയും നേതൃത്വത്തില്‍ കേരള മുനിസിപ്പാലിറ്റി കൌണ്‍സില്‍ യോഗനടപടിചട്ടം നമ്പര്‍ 1463/95ലെ സെക്ഷന്‍ 7 പ്രകാരം വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നാണ് ഇരു പാര്‍ട്ടികളില്‍നിന്നുമുള്ള ആറ് അംഗങ്ങള്‍ വിട്ടുനിന്നത്. 15 അംഗങ്ങള്‍ യോഗത്തിന് നോട്ടീസ് പുറപ്പെടുവിച്ച പിന്നാലെ കഴിഞ്ഞദിവസം ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍ വിളിച്ച സമാന്തരയോഗത്തില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തു.
15 അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കി വിളിച്ച യോഗത്തില്‍ സെക്രട്ടറിയും പങ്കെടുത്തില്ല. സെക്രട്ടറി ഈ യോഗത്തില്‍ പങ്കെടുക്കുന്നത് ചെയര്‍മാന്‍ നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ ചട്ടപ്രകാരമുള്ള യോഗമായതിനാല്‍ കേരള മുനിസിപ്പാലിറ്റി കൌണ്‍സില്‍ യോഗനടപടിചട്ടങ്ങള്‍ റൂള്‍ 14 പ്രകാരം കൌണ്‍സില്‍ ക്ലര്‍ക്ക് സി.കാളിദാസിനെ തനിക്കു പകരമായി യോഗത്തില്‍ പങ്കെടുത്ത് മിനിറ്റ്സ് തയ്യാറാക്കുവാന്‍ സെക്രട്ടറി ചുമതലപ്പെടുത്തിയിരുന്നു. അതേസമയം മിനിറ്റ്സ് ബുക്ക് കൊടുത്തുവിടാന്‍ തയ്യാറാവാതെ ചെയര്‍മാന്‍ പിടിച്ചുവെച്ചതും പ്രതിഷേധത്തിനിടയാക്കി.
യോഗത്തില്‍ 16 അംഗങ്ങളാണ് (സിപിഎം -7, സിപിഐ - 1, ബിജെപി - 4, കേരളാ കോണ്‍ഗ്രസ് എം - 3, സ്വതന്ത്ര - 1) പങ്കെടുത്തത്. 11 അംഗങ്ങളാണ് സിപിഎമ്മിന് നഗരസഭയില്‍ ഉള്ളത്. ഇവരെല്ലാം ഒറ്റകെട്ടായി ചെയര്‍മാനെതിരെയുള്ള യോഗത്തില്‍ പങ്കെടുക്കണമെന്ന പാര്‍ട്ടി തീരുമാനം മറികടന്നാണ് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്.വിനോദ്, ബോബന്‍ ദേവസ്യ, മോളി ജോസ്, സ്മിത ബാബുരാജ് എന്നീ നാല് അംഗങ്ങള്‍ ചെയര്‍മാന്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. കേരളാ കോണ്‍ഗ്രസില്‍ നിന്നുള്ള മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ റോസമ്മ സിബിയും കുഞ്ഞുമോള്‍ മത്തായിയും ചെയര്‍മാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.
ചെയര്‍മാന്‍ വിളിച്ച യോഗത്തില്‍ 17 അംഗങ്ങള്‍ (കോണ്‍ഗ്രസ് - 9, സിപിഎം - 4, കേരളാ കോണ്‍ഗ്രസ് - 2, സ്വതന്ത്രര്‍ - 2) പങ്കെടുത്തു. ഇതിനിടെ യോഗത്തില്‍ പങ്കെടുത്തവരുടെ എണ്ണം 18 ആക്കാന്‍ സിപിഐ അംഗത്തെ തെറ്റിദ്ധരിപ്പിച്ച് ചെയര്‍മാന്‍ വിളിച്ച യോഗത്തില്‍ ഒപ്പിടുവിച്ചുവെന്നും ആരോപണമുയര്‍ന്നു. 23-ാം വാര്‍ഡ് അംഗം മോളി ജോണ്‍ കൌണ്‍സില്‍ ഹാളില്‍ ചെയര്‍മാന്‍ വിളിച്ച യോഗം ആരംഭിക്കുംമുമ്പേ ഹാജര്‍ബുക്കില്‍ ഒപ്പിട്ട ശേഷമാണ് കുടുംബശ്രീ മന്ദിരത്തില്‍ അംഗങ്ങള്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. സെക്രട്ടറി പങ്കെടുക്കുന്ന യോഗം ഇതാണ് എന്നു ചൂണ്ടികാട്ടിയാണ് തന്നെ കൊണ്ട് അവിടെ ഒപ്പിടുവിച്ചതെന്ന് അവര്‍ വ്യക്തമാക്കി.
പാര്‍ട്ടി തീരുമാനം ലംഘിച്ച് കോണ്‍ഗ്രസുകാരോടൊപ്പം ചേര്‍ന്ന് അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന സിപിഎം അംഗങ്ങളുടെ ഭാവി പാര്‍ട്ടി തീരുമാനിക്കുമെന്ന് ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. 27 കോടി രൂപയുടെ ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് നഗരസഭയ്ക്ക് കോടികള്‍ നഷ്ടമാവുന്ന രീതിയില്‍ കരാര്‍ വെച്ചതുമുതലുള്ള വന്‍ അഴിമതിയില്‍ ഇവരും പങ്കാളികളായിരിക്കാം. ഈ കരാരിനും നിര്‍മ്മാണത്തിനുമായി മുന്‍കൂറായി കമ്മീഷന്‍ വാങ്ങിയ 25 ലക്ഷം പണികള്‍ നടക്കാതായതോടെ കമ്പനി തിരിച്ചുചോദിച്ചതായാണ് അറിയുന്നത്. ഈ കുരുക്കില്‍ വീണതുകൊണ്ടായിരിക്കാം പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് ഇവര്‍ ചെയര്‍മാനോടൊപ്പം ഒട്ടിനില്‍ക്കുന്നതെന്നും ടി.പി. മോഹന്‍ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ചെയര്‍മാനെതിരെ അവിശ്വാസത്തിന് നീക്കം
ജനാധിപത്യമര്യാദകള്‍ ലംഘിച്ച് അഴിമതിക്ക് കളമൊരുക്കി ഹിറ്റ്ലര്‍ മനോഭാവത്തോടെയാണ് ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍ ഭരണം കയ്യാളുന്നതെന്ന് ഇന്ന് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത അംഗങ്ങള്‍. യോഗത്തില്‍ പങ്കെടുത്ത് മിനിറ്റ്സ് രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് തന്‍റെ പ്രതിനിധിയെ സെക്രട്ടറി നിയോഗിച്ചിട്ടും മിനിറ്റ്സ് ബുക്ക് കൊടുത്തുവിടാന്‍ തയ്യാറാകാതിരുന്ന ചെയര്‍മാന്‍റെ നടപടി ഏറെ പ്രതിഷേധാര്‍ഹമാണ്. അടുത്ത തെരഞ്ഞെടുപ്പിനുള്ള ഫണ്ട് കണ്ടെത്തുന്നതിന് നഗരസഭയെ അഴിമതിയുടെ കൂത്തരങ്ങായി മാറ്റാമെന്ന ചെയര്‍മാന്‍റെയും സംഘത്തിന്‍റെയും മോഹം നടക്കില്ലെന്നും ഇവര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് ദ്രോഹകരമായ നടപടികള്‍ അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് അംഗങ്ങള്‍. അവിശ്വാസത്തിനുള്ള നോട്ടീസ് നാളെ അംഗങ്ങള്‍ കൈമാറും. അവിശ്വാസം വന്നാല്‍ ഇന്നത്തെ യോഗത്തില്‍ ചെയര്‍മാനോടൊപ്പം നിലകൊണ്ട കേരളാ കോണ്‍ഗ്രസ്, സിപിഎം പ്രതിനിധികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.