07 September, 2020 06:29:37 PM


കോട്ടയം ശാസ്ത്രി റോഡ് പുനരുദ്ധാരണം നാളെ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും



കോട്ടയം: ശീമാട്ടി റൗണ്ടാന മുതല്‍ ലോഗോസ് ജംഗ്ഷന്‍ വരെയുള്ള  ലാല്‍ ബഹദൂര്‍ ശാസ്ത്രി റോഡിന്‍റെ പുനരുദ്ധാരണ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ എട്ട് വൈകുന്നേരം നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ഇതോടനുബന്ധിച്ച് ബേക്കര്‍ വിദ്യാപീഠ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.


തോമസ് ചാഴികാടന്‍ എം.പി, മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ പി.ആര്‍. സോന,  മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുമരാമത്ത്  അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. ജോസ് രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.  


പുനരുദ്ധാരണത്തിന്‍റെ ഭാഗമായി  നിലവിലുള്ള റോഡിന്‍റെ വീതി കൂട്ടുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 9.2 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് താഴ്ന്ന മേഖലകള്‍ ഉയര്‍ത്തുകയും ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയും ഓടകളും കലുങ്കുകളും നിര്‍മിക്കുകയും ചെയ്തശേഷമാണ് ബി.എം ആന്‍റ് ബി.സി ടാറിംഗ് നടത്തുക. 1.2 മീറ്റര്‍ വീതിയില്‍ മീഡിയനും റോഡിന്‍റെ ഇരുവശങ്ങളിലും നടപ്പാതയും ഒരുക്കും.  ഒരു  വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K