04 September, 2020 07:08:53 PM
മൂന്ന് വീട്ടില്‍ 3 പേര്‍ക്ക് വീതം കോവിഡ്; ഏറ്റുമാനൂരില്‍ വീണ്ടും രോഗികള്‍ വര്‍ധിക്കുന്നു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ വീണ്ടും ആശങ്കയിലേക്ക്. ചെറിയ ഒരു ഇടവേളയ്ക്കു ശേഷം ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് നടന്ന പരിശോധനയില്‍ നഗരസഭാ പരിധിയിലെ മൂന്ന് വീടുകളില്‍ മൂന്ന് വീതം രോഗികളെ കണ്ടെത്തി. 3, 17, 32 വാര്‍ഡുകളിലാണ് ഒരേ വീട്ടില്‍ തന്നെ കൂട്ടത്തോടെ രോഗബാധയുണ്ടായത്. ഇന്ന് ഏറ്റുമാനൂരില്‍ നടന്ന പരിശോധനയില്‍ ഒരു കോട്ടയം സ്വദേശി ഉള്‍പ്പെടെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
17-ാം വാര്‍ഡില്‍ ഇന്നലെ ദമ്പതികള്‍ക്ക് രോഗം സ്ഥിരീകരിച്ച വീട്ടില്‍ തന്നെയാണ് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായത്. 60 കാരിയ്ക്കും 18, 22 വയസ് പ്രായമുള്ള യുവാക്കള്‍ക്കും. 32-ാം വാര്‍ഡിലും ഒരു വീട്ടില്‍ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മധ്യവയസ്കനും ഭാര്യയ്ക്കും മകനുമാണ് കോവിഡ് പോസിറ്റീവായത്.
മൂന്നാം വാര്‍ഡില്‍ വടക്കേനടയിലെ ഒരു വീട്ടില്‍ മൂന്നു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്തെ ഒരു ജ്വല്ലറിയിലെ ജീവനക്കാരനായ ഗൃഹനാഥന് (62) ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജ്വല്ലറിയില്‍ ഒട്ടേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനും രോഗബാധയുള്ളതായി മനസിലായത്. തുടര്‍ന്ന് ഇന്ന് കുടുംബാംഗങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ഭാര്യ, മകന്‍റെ മൂന്ന് വയസുള്ള കുട്ടി എന്നിവര്‍ക്കാണ് ഇന്നത്തെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായത്.
പതിനൊന്നാം വാര്‍ഡില്‍ കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ 58കാരന് കോവിഡ് സ്ഥിരീകരിച്ചു. ഒന്നാം വാര്‍ഡില്‍ ഒരു അംഗന്‍വാടി ടീച്ചര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍നിന്നുതന്നെ 145ഓളം പേരെ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെയും ഏറ്റുമാനൂരില്‍ പത്ത് പേര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇന്ന് ഔദ്യോഗികലിസ്റ്റ് അനുസരിച്ച് ഏഴ് പേര്‍ക്കാണ് ഏറ്റുാമനൂരില്‍ കോവിഡ് പോസിറ്റീവായത്. 36, 46, 55, 23, 50 എന്നിങ്ങനെ പ്രായമുള്ള പേരൂര്‍ സ്വദേശികളായ അഞ്ച് പേര്‍ക്കും 61, 37 വയസ് പ്രായമുള്ള രണ്ട് ഏറ്റുമാനൂര്‍ സ്വദേശികള്‍ക്കും.