26 August, 2020 08:08:13 PM
ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റും പച്ചക്കറി മാര്‍ക്കറ്റും നാളെ തുറക്കും; അതിരമ്പുഴ മാര്‍ക്കറ്റ് തുറന്നു
ഏറ്റുമാനൂര്‍ : ഏറ്റുമാനൂരിലെ മീന്‍ മാര്‍ക്കറ്റും പേരൂര്‍ കവലയിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റും വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കും. ബുധനാഴ്ച നടന്ന നഗരസഭാ യോഗമാണ് തിരുമാനമെടുത്തത്. കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ക്കറ്റുകള്‍ ഒരു മാസത്തിലേറെയായി അടഞ്ഞുകിടക്കുകയായിരുന്നു.
മത്സ്യ മാര്‍ക്കറ്റിലേയ്ക്കുള്ള വാഹനങ്ങള്‍ ഹെല്‍പ്പ് ഡെസ്‌ക്കില്‍ പാസ് എടുത്ത് അണു നശീകരണം നടത്തി മാത്രമെ കടത്തിവിടുകയുള്ളു. ഒരു ദിവസം 25 വാഹനങ്ങളെ മാത്രമെ മാര്‍ക്കറ്റില്‍ പ്രവേശിപ്പിക്കുകയുള്ളു. മാര്‍ക്കറ്റില്‍ ലേലം നടത്താന്‍ അനുവദിക്കില്ല. ഒരേ സമയത്ത് 20 ആളുകളില്‍ കൂടുതല്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പച്ചക്കറി മാര്‍ക്കറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് വില്‍പ്പനയ്ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. പുറത്ത് കൌണ്ടര്‍ സംവിധാനത്തോടെയാണ് ചില്ലറ വില്‍പ്പന നടക്കുക. സാമൂഹിക അകലം പാലിച്ച് ഉപഭോക്താക്കള്‍ക്ക് നില്‍ക്കുന്നതിനായി വരകളിട്ടിട്ടുണ്ട്. ആവശ്യപ്പെടുന്ന സാധനം സെയില്‍മാന്‍ എടുത്തുകൊടുക്കും. ആരെയും അകത്ത് കയറി തിരിഞ്ഞെടുക്കാന്‍ അനുവദിക്കില്ല. ഓണത്തിന് പച്ചക്കറി കിറ്റുകളായി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.
അതിരമ്പുഴ: കോവിഡ് വ്യാപനത്തെതുടര്‍ന്ന് ആഴ്ചകളായി അടഞ്ഞു കിടന്നിരുന്ന അതിരമ്പുഴ മാര്‍ക്കറ്റ് പൂര്‍ണമായും തുറന്നു പ്രവര്‍ത്തനം തുടങ്ങി. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് മണിവരെയാണ് പ്രവര്‍ത്തന സമയം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. അന്യസംസ്ഥാനത്ത് നിന്നും ലോറിയുമായി വരുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരിക്കുന്ന കോവിഡ് ഹെല്‍പ്പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്തശേഷം വാഹനം അണുവിമുക്തമാണം.
ജീവനക്കാര്‍ക്ക് പനി ഇല്ല എന്ന് ഉറപ്പ് വരുത്തിയതിനുശേഷമെ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുകയുള്ളൂ. ലോറി തൊഴിലാളികള്‍ക്കായി വിശ്രമകേന്ദ്രം ഒരുക്കിയിട്ടുണ്ട് . ഓണം പ്രമാണിച്ച് അരി , പലചരക്ക് എന്നിവ ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാല്‍ വിലവര്‍ദ്ധനവ് ഉണ്ടാവുകയില്ല എന്ന് വ്യാപാരികള്‍ അറിയിച്ചതായി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ്‌സ് ആന്‍ഡൂസ് അറിയിച്ചു.