26 August, 2020 04:30:06 PM
കാത്തിരിപ്പിന് വിരാമം; പുതിയ വീട്ടില്‍ വിനോജിനും കുടുംബത്തിനും ആദ്യ ഓണം

കോട്ടയം : കോവിഡ് പ്രതിസന്ധിക്കു നടുവില്‍ നാട്ടിലെ ആഘോഷങ്ങള്‍ക്ക് തിളക്കം കുറയുമെങ്കിലും വാകത്താനം പതിയില്‍ വിനോജിനും കുടുംബത്തിനും ഒരിക്കലും മറക്കാനാകാത്ത ഓണമാകും ഇത്തവണത്തേത്; സ്വന്തമായൊരു വീട് എന്ന വലിയ ആഗ്രഹം സാക്ഷാത്കരിച്ചതിനുശേഷമുള്ള ആദ്യ ഓണം.
കൂലിപ്പണിയില്‍നിന്നുള്ള വരുമാനത്തില്‍ മിച്ചം പിടിച്ച് വീടുണ്ടാക്കുക എന്നത് അസാധ്യമായി തുടരുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ ഇവര്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ വാതില്‍ തുറന്നത്.
വീട് നിര്‍മ്മിക്കുന്നതിന് ഭൂമി സ്വന്തമായില്ലാതിരുന്നത് ആദ്യ ഘട്ടത്തില്‍ പരിഗണിക്കപ്പെടുന്നതിന് തടസമായി. പിന്നീട് പിതാവിന്റെ വസ്തുവില്‍ നിന്ന് മൂന്നു സെന്റ് ലഭിക്കുകയായിരുന്നു.
രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, വരാന്ത, ശുചിമുറി എന്നിവയുള്ള 400 ചതുരശ്രയടി വീടിനായി നാലു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. കൂടാതെ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു ദിവസം 291 രൂപ നിരക്കില്‍ 90 ദിവസത്തെ വേതനവും നല്‍കി. ശുചിത്വമിഷനില്‍ നിന്ന് പെര്‍ഫോമന്‍സ് ഇന്‍സെന്റീവായി പഞ്ചായത്തിന് ലഭിച്ച ഗ്രാന്റിന്റെ വിഹിതമായി 10,200 രൂപയും വീടു നിര്‍മ്മാണത്തിനായി ലഭിച്ചു.
പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയിലും ഈ കുടുബത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വീട്ടില്‍ ഭാര്യ സുനിതയ്ക്കും മക്കളായ അലനും മിലനുമൊപ്പം ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിനോജ്.