21 August, 2020 02:07:05 PM
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ല; ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിനെതിരെ കേസ്

ഏറ്റുമാനൂര്‍: കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി പരീക്ഷ നടത്തിയ സംഭവത്തില്‍ ഏറ്റുമാനൂരിലെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തു. 'കൈരളി വാര്‍ത്ത'യുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും ഇടപെട്ടതിനെ തുടര്‍ന്നാണ് നടപടി. നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പരീക്ഷയായിട്ടും കോവിഡ് പ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ സ്ഥാപനം കൈകൊണ്ടിരുന്നില്ല. ഇങ്ങനെയൊരു പരീക്ഷ നടക്കുന്ന വിവരമോ കൂടുതല്‍ ആളുകള്‍ എത്തുന്ന വിവരമോ സ്ഥാപനത്തിന്‍റെ അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നുമില്ല.
എഡിഎം അനില്‍ ഉമ്മന്‍റെ നിര്‍ദ്ദേശപ്രകാരം തഹസില്‍ദാര്‍ രാജേന്ദ്രബാബുവും സ്ഥലത്തെത്തിയിരുന്നു. സ്ഥാപനത്തിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജീവിനെ പ്രതിയാക്കിയാണ് പോലീസ് കേസ്. തവളക്കുഴി ജംഗ്ഷനിലെ റ്റാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ വക പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ ഇന്ന് രാവിലെ മുതല്‍ വന്‍തിരക്ക് അനുഭവപ്പെട്ടത് നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു. സാമൂഹിക അകലം പാലിക്കാതെ തൊട്ടുരുമ്മിയാണ് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ എം.സി.റോഡരികില്‍ നിലയുറപ്പിച്ചിരിക്കുന്നത്. പലരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല.
മുന്നൂറ് പേര്‍ പങ്കെടുക്കുന്ന എയിംസിന്‍റെ ഓണ്‍ലൈന്‍ പരീക്ഷയാണ് ഇവിടെ ഇന്ന് നടക്കുന്നതെന്ന് തഹസില്‍ദാര്‍ കൈരളി വാര്‍ത്തയോട് പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളോടൊപ്പം എത്തിയ രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാന്‍ പരീക്ഷാകേന്ദ്രത്തില്‍ സൌകര്യമൊരുക്കാത്തതിനാലാണ് എല്ലാവരും റോഡില്‍ തന്നെ തടിച്ചു കൂടിയത്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ഡൌണും കണ്ടെയ്ന്‍മെന്‍റ് സോണും നിലനില്‍ക്കവെ ഏറെ നാളായി ഇവിടെ പരീക്ഷകള്‍ നടക്കുന്നില്ലായിരുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ വന്‍ തോതില്‍ പരീക്ഷകള്‍ നടത്താനിരിക്കെയാണ് സ്ഥാപനത്തിനെതിരെ ഇന്ന് പോലീസ് നടപടിയെടുത്തത്.