21 August, 2020 12:27:34 PM
ഏറ്റുമാനൂരിലെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം കോവിഡ് വ്യാപനത്തിന് കളമൊരുക്കുന്നു

ഏറ്റുമാനൂര്‍: കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഏറ്റുമാനൂരിലെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തിന് മുന്നില്‍ വന്‍ജനതിരക്ക്. ഏറ്റുമാനൂര്‍ തവളക്കുഴി ജംഗ്ഷനില്‍ റ്റാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ വക ഇയോണ്‍ എന്ന പരീക്ഷാകേന്ദ്രത്തിന് മുന്നിലാണ് ഇന്ന് രാവിലെ മുതല്‍ വന്‍തിരക്ക് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കാതെ തൊട്ടുരുമ്മിയാണ് പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ എം.സി.റോഡരികില്‍ നിലയുറപ്പിച്ചിരിക്കുന്നത്. പലരും മാസ്‌ക് പോലും ധരിച്ചിട്ടില്ല.
ഇന്ന് ഉച്ചകഴിഞ്ഞ് മുന്നൂറ് പേരുടെ ഓണ്‍ലൈന്‍ പരീക്ഷയാണ് ഇവിടെ നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികളോടൊപ്പം എത്തിയ രക്ഷിതാക്കള്‍ക്ക് വിശ്രമിക്കാന്‍ പരീക്ഷാകേന്ദ്രത്തില്‍ ഇടമില്ലാത്തതിനാല്‍ എല്ലാവരും റോഡില്‍ തന്നെ തടിച്ചു കൂടിയിരിക്കുകയാണ്. പോലീസുകാരും ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ഡൌണും കണ്ടെയ്ന്‍മെന്‍റ് സോണും നിലനില്‍ക്കവെ ഏറെ നാളായി ഇവിടെ പരീക്ഷകള്‍ നടക്കുന്നില്ലായിരുന്നു. ഇപ്പോള്‍ അപ്രതീക്ഷിതമായി എത്തിയ ജനകൂട്ടം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.