10 August, 2020 05:28:17 PM
വെള്ളപൊക്കത്തിന്‍റെ മറവില്‍ മത്സ്യമോഷണം; മുന്‍ പോലീസുകാരനെതിരെ പരാതി

നീണ്ടൂര്‍: വെള്ളപൊക്കത്തിന്‍റെ മറവില്‍ സ്വകാര്യഫാമില്‍ അതിക്രമിച്ചു കയറി മീന്‍കുളത്തില്‍ നിന്നും മത്സ്യം മോഷ്ടിക്കാന്‍ ശ്രമിച്ച മുന്‍ പോലീസുകാരനെതിരെ പരാതി. നീണ്ടൂര്‍ ജെ- എസ് ഫാമില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. മുന്‍ പോലീസ് ഉദ്യോഗസ്ഥനായ ദാസപ്പന്‍ താന്‍ നേരത്തെ കുളത്തില്‍ വിരിച്ചിരുന്ന ഉടക്കുവല പൊക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫാം ജീവനക്കാരുടെ പിടിയിലായത്. ഫാമിന്‍റെ പിന്നിലെ മുടക്കാലി തോട്ടില്‍ കൂടി വള്ളത്തിലാണ് ഇയാള്‍ ഫാമിനുള്ളില്‍ പ്രവേശിച്ചത്.
വെള്ളം പൊങ്ങിയപ്പോള്‍ തോട്ടിലൂടെ ഫാമിനുള്ളില്‍ എത്താന്‍ എളുപ്പമായി. മീന്‍കുളത്തിലെ മീന്‍ വെള്ളപൊക്കത്തില്‍ ഒഴുകിപോകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ ഫാം അധികൃതര്‍ ചെയ്തിരുന്നു. ഇതിനെയും മറികടന്നാണ് ദാസപ്പന്‍ ആരുമറിയാതെ കുളത്തില്‍ വല വിരിച്ചത്. നൂറ് കിലോയിലധികം മീന്‍ വലയില്‍ കുടുങ്ങിയിരുന്നു. ഫാം കോ-ഓര്‍ഡിനേറ്റര്‍ ജാസ്മിന്‍ കോട്ടയം ഡിവൈഎസ്പിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സര്‍വ്വീസില്‍ ഉണ്ടായിരുന്ന കാലത്തും ഒട്ടേറെ ക്രിമിനല്‍ നടപടികളില്‍ ഉള്‍പ്പെട്ടിരുന്നവനാണ് ദാസപ്പന്‍ എന്ന് പോലീസ് പറഞ്ഞു.