09 August, 2020 04:21:36 PM
ഏറ്റുമാനൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയ ഉദ്യോഗസ്ഥന് കോവിഡ്; ക്യാമ്പ് അടച്ചു
ഏറ്റുമാനൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കോവിഡ്. ഇതോടെ ക്യാമ്പില്‍ കഴിഞ്ഞ 11 പേര്‍ ഉള്‍പ്പെടെ 22 പേര്‍ നിരീക്ഷണത്തില്‍. ഏറ്റുമാനൂര്‍ നഗരസഭ പതിനൊന്നാം വാര്‍ഡിലെ മാടപ്പാട് ശിശുവിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ഇതോടെ അടപ്പിച്ചു. ക്യാമ്പില്‍ ഉണ്ടായിരുന്നവരെ കാരിത്താസിലെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
ക്യാമ്പില്‍ കഴിഞ്ഞിരുന്ന 4 കുടുംബങ്ങളിലെ 11 പേരും, ഡ്യൂട്ടിക്കെത്തിയ ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ 5 പേരും കോട്ടയം താലുക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെ 2 പേരും, വെട്ടിമുകള്‍ സ്വദേശികളായ രണ്ട് അധ്യാപകരും, ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ 2 സിവില്‍ പോലീസ് ഓഫീസര്‍മാരുമാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്.
ദുരിതാശ്വാസ ക്യാമ്പില്‍ ഡ്യൂട്ടിക്കെത്തിയ വെട്ടിമുകള്‍ സ്വദേശിയായ ചങ്ങനാശേരി കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റിന് (45) ആണ് കോവിഡ് പോസിറ്റീവായത്. നേരത്തെ കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ശനിയാഴ്ച രാവിലെയാണ് ക്യാമ്പില്‍ എത്തിയത്. എന്നാല്‍ കോവിഡ് പരിശോധനയ്ക്ക് സ്രവം നല്‍കിയ വിവരം മറച്ച് വെച്ചാണ് ദുരിതാശ്വാസ ക്യാമ്പില്‍ ഡ്യൂട്ടിക്ക് എത്തിയതെന്നു ആരോപണം ഉയര്‍ന്നു. ഇയാളുടെ സമ്പര്‍ക്കപട്ടിക വളരെ വിപുലമാണെന്നും പറയുന്നു.
അതേസമയം, കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ജനപ്രതിനിധികള്‍ ക്വാറന്‍റയിനില്‍ പോകാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ശിശുവിഹാര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ കൂടിയായ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ പത്ത് ദിവസം സ്വയം നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ തൊട്ടടുത്ത വാര്‍ഡിലെ കൗണ്‍സിലര്‍ ആയിരുന്നു ആവശ്യമായ ഒരുക്കങ്ങള്‍ ചെയ്തതും ക്യാമ്പിന് നേതൃത്വം നല്‍കിയിരുന്നതും. മുമ്പ് നഗരസഭയിലെ ഒരു കൗണ്‍സിലറിന് കോവിഡ് സ്ഥിരീകരിച്ച വേളയില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ പല കൗണ്‍സിലര്‍മാരും ക്വാറന്‍റയിനില്‍ പ്രവേശിക്കാതെ കറങ്ങിനടന്നത് ഏറെ ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.