09 August, 2020 09:13:23 AM
മണർകാട് - ഏറ്റുമാനൂർ റോഡിൽ കാർ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
കോട്ടയം : മണർകാട് - ഏറ്റുമാനൂർ റോഡിൽ, പാലമുറിയിൽ കാർ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് പുലർച്ചെ കാണാതായത്. മീനച്ചിലാറിൻ്റെ കൈവഴിയിലാണ് കുത്തൊഴുക്ക് ഉണ്ടായത്. ഒഴുക്കിൽപ്പെട്ട കാർ കരയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എയർപോർട്ടിൽ നിന്നും ഓട്ടം വന്നതിനു ശേഷം തിരികെ പോയതാണ് ടാക്സി ഡ്രൈവറായ ജെസ്റ്റിൻ. പുലർച്ചെ ഒരു മണിയ്ക്കാണ് സംഭവം.
മഴ തുടരുന്ന സാഹചര്യത്തില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുക തന്നെയാണ്. പേരൂരില്‍ ഇന്നലെ വൈകിട്ട് മുതല്‍ വെള്ളം കാര്യമായി ഉയര്‍ന്നിട്ടില്ല. എന്നാല്‍ താഴ്ന്നിട്ടുമില്ല. നീലിമംഗലം, നാഗമ്പടം തുടങ്ങി ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നദിയിലെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്. വേളൂർ കല്ലുപുരയ്ക്കൽ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. തിരുവാർപ്പ് വില്ലേജിലെ ഇല്ലിക്കൽ ആമ്പക്കുഴി പ്രദേശങ്ങളിൽ ജല നിരപ്പ് ഉയർന്നു.
എംസി റോഡില്‍ ചെമ്പരത്തി മൂട് ഭാഗത്ത് റോഡിൽ വെള്ളം കയറി. മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡിലും പേരൂര്‍ - വെട്ടിമുകള്‍ റോഡിലും തെള്ളകം റോഡിലും വെള്ളം കയറിയതോടെ ഈ പ്രദേശത്ത് വാഹനഗതാഗതവും ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. കൊടുരാറിൽ മാങ്ങാനം ഭാഗത്ത് ജലനിരപ്പ് രണ്ടടി ഉയർന്നു. മാങ്ങാനം എൽ.പി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ തുടരുന്നു. വൈക്കത്ത് മഴക്ക് ശമനമില്ല. ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു.
മടവീഴ്ച, കൃഷിനാശം
കല്ലറ 110 പാടശേഖരത്തിൽ മട വീണ് വ്യാപകമായ കൃഷിനാശം. 500 ഹെക്ടറിലെ 12- 45 ദിവസ വളർച്ചയുള്ള നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി. കല്ലറയില്‍ മട തകര്‍ന്ന ഭാഗത്ത് കര്‍ഷകര്‍ മണല്‍ ചാക്കുകള്‍ അടുക്കി കൃഷിനാശം തടയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആർപ്പൂക്കരയിൽ കൊച്ചു മണിയാപറമ്പ് (50 ഹെക്ടർ ) വെച്ചൂർ പന്നക്കാതടം പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി. അയ്മനം ഗ്രാമ പഞ്ചായത്തിലെ കുറുവത്തറ, കല്ലൂങ്കത്തറ, മങ്ങാട്ട് പുത്തൻ കരി എന്നീ പാടശേഖരങ്ങളിൽ മടവീണ്ടും 350 ഹെക്ടറിലെ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി.
ദുരിതാശ്വാസ ക്യാമ്പുകള്‍
കോട്ടയം ജില്ലയില്‍ ഇന്നലെ വൈകുന്നേരം 7.30 വരെ വരെ 127 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 959 കുടുംബങ്ങളിലെ 3126 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ 1306പുരുഷന്‍മാരും 1318 സ്ത്രീകളും 502 കുട്ടികളും ഉള്‍പ്പെടുന്നു. പൊതു വിഭാഗത്തിനായി 85 ഉം അറുപതു വയസിനു മുകളിലുള്ളവര്‍ക്കായി 39ഉം ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്കായി മൂന്നും ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറ്റവുമധികം ദുരിതാശ്വാസ ക്യാമ്പുകള്‍ കോട്ടയം താലൂക്കിലാണ്. 83 ക്യാമ്പുകളാണ് ഇവിടെയുള്ളത്. മീനച്ചില്‍-17, കാഞ്ഞിരപ്പള്ളി-16, വൈക്കം-10, ചങ്ങനാശേരി-1 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം.