08 August, 2020 05:29:31 PM
കോട്ടയം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം; പാലായിൽ വെള്ളമിറങ്ങി, കോട്ടയത്ത് പൊങ്ങി
കോട്ടയം: വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച മഴയ്ക്കു ഇന്നു രാവിലെ നേരിയ ശമനമുണ്ടായെങ്കിലും ഉച്ചകഴിഞ്ഞ് വീണ്ടും പെയ്തു തുടങ്ങി. ഇന്നു പുലർച്ചെ മുതൽ ജില്ലയിൽ മഴയുടെ അളവിൽ കുറവുണ്ടായി. കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം ഉയര്‍ന്നു. 36 മണിക്കൂറിലധികം തിമിർത്തു പെയ്ത മഴയിൽ ജില്ലയിൽ വ്യാപകനാശം നേരിട്ടു. മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും പമ്പയാറും കരകവിഞ്ഞൊഴുകുകയാണ്. ഇന്നും ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മീനച്ചിലാറ്റില്‍ പാലായില്‍ ജലനിരപ്പ് താഴ്ന്നതോടെ പേരൂര്‍, കോട്ടയം, കുമരകം ഉള്‍പ്പെടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപൊക്കമായി. ഇന്ന് മൂന്ന് മണിക്ക് ഈ പ്രദേശങ്ങളെല്ലാം വെള്ളം അപകടനിലയ്ക്ക് മുകളിലാണ്. എല്ലായിടത്തും ജലനിരപ്പ് വീണ്ടും ഉയരുന്നതായാണ് കാണുന്നത്.
പാലായിൽ വിവിധ റോഡുകൾ വെള്ളം കയറി നിലയിലാണ് ഇന്നും. എങ്കിലും ഇന്നു രാവിലെ പല റോഡിലും വെള്ളം കുറഞ്ഞു തുടങ്ങി. പാലാ നഗരത്തിലേക്കുള്ള ഗതാഗതം ഭാഗികമായി മുറിഞ്ഞു. പാലാ-ഉഴവൂർ റോഡിൽ മുണ്ടുപാലം, വൈക്കം റോഡിൽ മണലേൽ പാലം, പൊൻകുന്നം റോഡിൽ മുരിക്കുംപുഴ, കുമ്പാനി, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, പുലിയന്നൂർ, ചെത്തിമറ്റം, മൂന്നാനി എന്നിവിടങ്ങളിലെല്ലാം ഇന്നു രാവിലെയും വെള്ളമുണ്ട്. പാലാ-ഈരാറ്റുപേട്ട റോഡിൽ വെളളം ക്രമാതീതമായി ഉയർന്നതോടെ പോലീസ് റിബണ്‍ കെട്ടി ഗതാഗതം നിരോധിച്ചിരുന്നു. ഉഴവൂർ റോഡിൽ മുണ്ടുപാലത്തും കരൂർ പള്ളിക്കുസമീപവും റോഡിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി.
ഭരണങ്ങാനം - ഇടമറ്റം റോഡ് വെള്ളത്തിലാണ്. ഇന്നലെ വൈകുന്നേരത്തേടെ പാലാ റിവർവ്യു റോഡിനോടു ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലും കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ കടകളിലും വെള്ളം കയറിയിരുന്നു. ഭരണങ്ങാനം വട്ടോളികടവ് പാലത്തിലും വെള്ളം കയറി. ഈരാറ്റുപേട്ട മേഖലയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കേസ് വേ പാലത്തിൽ വെള്ളം കയറിയതോടെ ഇതുവഴി ഗതാഗതം തടസപ്പെട്ടു. പൂഞ്ഞാർ റോഡിൽ പള്ളിവാതുക്കലിൽ വെള്ളം കയറി. കൊണ്ടൂർ - ചിറ്റാറ്റിൻകര പാലത്തിലും പനയ്ക്കപ്പാലത്തും അമ്പാറയിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
മീനച്ചിലാര്‍ കരകവിഞ്ഞതോടെ ആറുമാനൂര്‍, നീറിക്കാട്, പേരൂര്‍, പുന്നത്തുറ, തിരുവഞ്ചൂര്‍, പാറമ്പുഴ, നട്ടാശ്ശേരി പ്രദേശങ്ങളില്‍ നൂറ്കണക്കിന് കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. രാവിലെ വീടിന് ചുറ്റും വെള്ളം ചുറ്റപ്പെട്ടതോടെ അഭയകേന്ദ്രങ്ങള്‍ തേടി നെട്ടോട്ടമായി. പലരും ദുരിതാശ്വാസകേന്ദ്രങ്ങലില് ചേക്കേറിയപ്പോള്‍ ചിലര്‍ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അഭയം തേടി. പേരൂര്‍, ആറുമാനൂർ മേഖലകളിൽ വെള്ളത്തിൽ അകപ്പെട്ടവര്‍ക്കായി അഗ്നിരക്ഷാസേനയും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തി.
പേരൂര്‍ പായിക്കാട്, പുളിമൂട്, പാറേക്കടവ്, അരയിരം ഭാഗങ്ങളിലായി നൂറിലധികം വെള്ളത്തിനടിയിലാണ്. പേരൂര്‍ തുരുത്തേലുള്ള കുടുംബങ്ങളും വെള്ളത്തില്‍ ഒറ്റപ്പെട്ടു. കോട്ടയം നാഗമ്പടം, നെഹൃ സ്റ്റേഡിയം എന്നിവിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. മരങ്ങള്‍ കടപുഴകി വീണതും നിരത്തുകളില്‍ വെള്ളം കയറിയതും ഗതാഗതതടസത്തിന് കാരണമായി. പലയിടത്തും വൈദ്യുതി വിതരണവും പാടേ നിലച്ചിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ വെള്ളം കയറിയത് വന്‍കൃഷിനാശത്തിന് കാരണമായി. പേരൂര്‍, ചെറുവാണ്ടൂര്‍, തെള്ളകം പാടശേഖങ്ങള്‍ വെള്ളത്തിനടിയിലായി. നെല്ലിനു പുറമെ വാഴ, മരച്ചീനി, പച്ചക്കറി കൃഷികളും വെള്ളത്തിനടിയിലായി.
ഇതിനിടെ എന്‍.ഡി.ആര്.എഫ് സംഘം കോട്ടയത്തെത്തി. ഇന്നു പുലര്‍ച്ചെ എത്തിയ സംഘം ഉച്ചകഴിഞ്ഞ് പ്രളയ ബാധിത മേഖലകളിലേക്ക് നീങ്ങി. എന്‍.ഡി.ആര്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് രാജന് ബാലുവും ടീം കമാന്‍ഡര്‍ പി.കെ. പയാസിയും ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി കളക്ടറേറ്റില്‍ ചര്‍ച്ച നടത്തി. ജില്ലാ പോലീസ് മേധാവി. ജി. ജയദേവും സന്നിഹിതനായിരുന്നു.