07 August, 2020 12:04:33 AM
ഏഴു കോവിഡ് രോഗികളെ കണ്ടെത്തിയ മുണ്ടക്കയത്ത് നാലു കടകളിലൊതുക്കി നിയന്ത്രണം
- നൗഷാദ് വെoബ്ലി
മുണ്ടക്കയം: ഏഴു കോവിഡ് രോഗികളെ കണ്ടെത്തിയ മുണ്ടക്കയത്ത് നാലു കടകളിലൊതുക്കി കണ്ടയിന്റ്‌മെന്റ് സോണ്‍. മറുനാടൻ തൊഴിലാളികളുടെ സഞ്ചാരപഥത്തെകുറിച്ച് ഇപ്പോഴും അഭ്യൂഹം. ഉത്തരപ്രദേശ് സ്വദേശികളായ ഏഴുപേരില്‍ കോവിഡ് രോഗം സ്ഥിരികരിച്ചതിലെ ഭീതിയിലാണ് മുണ്ടക്കയം ടൗണ്‍. ഒരാഴ്ച മുമ്പ് ഒരാള്‍ക്കും ആറുപേര്‍ക്കു കഴിഞ്ഞ ദിവസവുമാണ് രോഗം സ്ഥിരികിച്ചത്.
രോഗം സ്ഥിരികരിച്ചതിന്റെ തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച ടൗണില്‍ യാത്രക്കാരുടെ തിരക്ക് നന്നേ കുറഞ്ഞിരുന്നു. മുണ്ടക്കയം ടൗണ്‍ അടച്ചിട്ടേക്കുമെന്ന വ്യാജ പ്രചരണമാണ് ഇതിനു കാരണമായത്. ഇതാദ്യമാണ് മുണ്ടക്കയം ടൗണില്‍ ഇത്രയും രോഗികളെ ഒരുമിച്ചു കണ്ടെത്തുന്നത്. ദേശീയപാതയോരത്തെ ബി.എസ്.എന്‍.എല്‍ ജങ്ഷനിലെ കെട്ടിടത്തിലാണ് 12 ഉത്തരപ്രദേശ് സ്വദേശികളായ തൊഴിലാളികള്‍ ജൂലായ് 17ന് താമസത്തിനെത്തുന്നത്. വന്ന അന്നു മുതല്‍ ക്വാറണ്ടയനിലാണന്നു പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ അധികാരികള്‍ക്കാവുന്നില്ല. ഇതില്‍ ഒരാള്‍ക്ക് രോഗം സ്ഥിരികരിച്ചതോടെ ആരോഗ്യ വകുപ്പ് ഇടപെടുകയും കര്‍ശന ക്വാറണ്ടയിനു നിര്‍ദ്ദേശം നല്‍കുകയും ചെയ്യുകയായിരുന്നു.
മുറി പുറത്തുനിന്നും പൂട്ടി ഭക്ഷണ സാധനങ്ങള്‍ തൊഴില്‍ ഉടമ എത്തിച്ചു നല്‍കുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ചു വ്യക്തതയില്ല. നാട്ടില്‍ നിന്നും വന്നതിനുശേഷം ഇവരെ പുറത്തു വിട്ടിട്ടില്ലന്നു വ്യക്തമാക്കുമ്പോഴും നാട്ടുകാരില്‍ കാര്യമായ വിശ്വാസമുണ്ടായിട്ടില്ല. നിരവധി ഓട്ടോ റിക്ഷകള്‍ പാര്‍ക്കു ചെയ്യുന്ന മേഖലയാണിത്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പെട്ട ഭാഗമാണിത്.അതിനാല്‍ തന്നെ മൂന്നാം വാര്‍ഡ് പൂര്‍ണ്ണമായി കണ്ടെയിന്‍മെന്റ് സോണാക്കി മാറ്റുമെന്ന പ്രചരണം ഉണ്ടായിരുന്നു.
മുണ്ടക്കയം ടൗണ്‍ പൂര്‍ണ്ണമായി അടയ്ക്കുന്നതിലും പ്രതിഷേധമുയര്‍ന്നിരുന്നു. ഒടുവില്‍ കോസ് വെ റോഡ് തിരിയുന്ന ഭാഗത്തിനപ്പുറം നാലുകടകള്‍മാത്രം അടച്ചു പൂട്ടുകയായിരുന്നു. ദേശീയപാതയുടെ ഒരു വശം മാത്രം അമ്പതു മീറ്ററോളം അടച്ചാല്‍ പരിഹാരമുണ്ടാക്കാനാവുമോ എന്നതും ചോദ്യമായി അവശേഷിക്കുന്നു. മുപ്പത്തിനാലാംമൈല്‍- എരുമേലി പാതയില്‍ നിര്‍മ്മാണ ജോലി നടക്കുന്നതിനാലാണ് ഇങ്ങെനെ ചെയ്യേണ്ടി വന്നതെന്നാണ് പറയുന്നത്. പൊലീസ്,
ആരോഗ്യവകുപ്പ്, അഗ്നിശമന സേന എന്നിവര്‍ എത്തി അണു നശീകരണം നടത്തി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൈക്ക് പ്രചരണവും നടത്തി.