04 August, 2020 03:38:57 PM
ഏറ്റുമാനൂരിന് ആശ്വാസം: രോഗികള്‍ കുറയുന്നു; ഇന്ന് 5 പേര്‍ക്ക് കോവിഡ്
ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തെതുടര്‍ന്ന് കണ്ടെയ്ന്‍മെന്‍റ് സോണായി മാറിയ ഏറ്റുമാനൂരിലെ ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന പരിശോധനാഫലങ്ങള്‍. ജൂലൈ 27ന് പേരൂര്‍റോഡിലെ സ്വകാര്യ പച്ചക്കറി മാര്‍ക്കറ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ജീവനക്കാരും തൊഴിലാളികളും ഉള്‍പ്പെടെ 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറ്റുമാനൂരിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു.
ഇതേ തുടര്‍ന്ന് സമീപ പഞ്ചായത്തുകളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. ഇതേതുടര്‍ന്ന് ക്ലസ്റ്ററായി മാറിയ ഏറ്റുമാനൂര്‍ മേഖലയില്‍ നഗരസഭാ പ്രദേശം മുഴുവനും കണ്ടെയ്ന്‍മെന്‍റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നഗരസഭ മുന്‍കൈ എടുത്ത് നടത്തിയ പരിശോധനകളില്‍ രോഗികളുടെ എണ്ണം വളരെ പരിമിതമായിരുന്നു.
ആദ്യദിനം നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ 193 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ 6 പേരുടെ ഫലം പോസിറ്റീവായി. പിന്നീട് 148 പേരെ പരിശോധിച്ചപ്പോള്‍ ഏഴ് പേരായിരുന്നു രോഗികള്‍. ഇന്ന നടന്ന പരിശോധനയില്‍ അഞ്ച് പേരുടെ ഫലമാണ് പോസിറ്റീവായത്. ആകെ 138 പെരെ പരിശോധിച്ചു. മാര്‍ക്കറ്റുമായി ഉണ്ടായ സമ്പര്‍ക്കം കണക്കിലെടുത്ത് തയ്യാറാക്കിയ ലിസ്റ്റ് മുന്‍ഗണനാക്രമത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
അതേസമയം വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നുമെത്തിയവരുള്‍പ്പെടെ ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ പരിശോധനാഫലങ്ങളില്‍ പോസിറ്റീവ് ആകുന്നവര്‍ ഇതിനു പുറമെയാണ്.