03 August, 2020 08:45:19 PM


കോട്ടയം ജില്ലയില്‍ 11 സി.എഫ്.എല്‍.ടിസികളിലായി 496 രോഗികള്‍

വയോജന കേന്ദ്രങ്ങളിലെ അന്തേവാസികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും



കോട്ടയം: ജില്ലയിലെ 571 കോവിഡ് രോഗികളില്‍ 491 പേരും കഴിയുന്നത് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍(സി.എഫ്.എല്‍.ടി.സി). നിലവില്‍ 11 സി.എഫ്.എല്‍.ടി.സികളിലാണ് രോഗികളുള്ളത്.  ശേഷിക്കുന്ന 80 പേര്‍ മാത്രമാണ് കോട്ടയത്തെയും മറ്റു ജില്ലകളിലെയും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 

കോട്ടയം മുട്ടമ്പലം സര്‍ക്കാര്‍ വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍-57, പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്-52, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളേജ് മെന്‍സ് ഹോസ്റ്റല്‍-60, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളേജ് വിമെന്‍സ് ഹോസ്റ്റല്‍-71,  അകലക്കുന്നം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് -48, നാട്ടകം ഗവണ്‍മെന്‍റ് പോളി ടെക്നിക്ക് ഹോസ്റ്റല്‍ -52,
കുറിച്ചി നാഷണല്‍ ഹോമിയോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് -40, ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജ് ഹോസ്റ്റല്‍ -70, ഉഴവൂര്‍ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പുതിയ ബ്ലോക്ക്-20, ഗുഡ് ഷെപ്പേഡ് പബ്ലിക് സ്കൂള്‍ തെങ്ങണ-5, ഗവണ്‍മെന്‍റ് ഐ.ടി.ഐ പെരുവ-16 എന്നിങ്ങനെയാണ് വിവിധ സി.എഫ്.എല്‍.ടി.സികളില്‍ കഴിയുന്ന രോഗികളുടെ എണ്ണം. 

നിലവില്‍ ആകെ 998 പേരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമുള്ള ഈ കേന്ദ്രങ്ങളുടെ പരമാവധി ശേഷി 1161 ആണ്. കാഞ്ഞിരപ്പള്ളി കപ്പാട് ബെനഡിക്ടന്‍ ആശ്രമം, കടനാട് താബോര്‍ ധ്യാന കേന്ദ്രം എന്നിവിടങ്ങളിലെ സി.എഫ്.എല്‍.ടിസികളും സജ്ജമാണ്. രണ്ടിടത്തുമായി 200 പേരെ പ്രവേശിപ്പിക്കാനാകും. 

ചൂണ്ടിച്ചേരി സെന്‍റ് ജോസഫ്സ് എന്‍ജിനീയറിംഗ് കോളേജിലെ സെന്‍റ് മേരീസ് ഹോസ്റ്റല്‍,  കുടവെച്ചൂര്‍ സെന്‍റ് അല്‍ഫോന്‍സാ പാരിഷ് ഹാള്‍, മണര്‍കാട് സെന്‍റ് മേരീസ് പള്ളി ഓഡിറ്റോറിയം, കടുത്തുരുത്തി ഗവണ്‍മെന്‍റ് പോളി ടെക്നിക്ക്,  കൈപ്പുഴ സെന്‍റ് ജോര്‍ജ് വി.എച്ച്.എസ്.എസ് എന്നീ കേന്ദ്രങ്ങളും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ അഞ്ചു കേന്ദ്രങ്ങളില്‍ മാത്രം 590 പേരെ താമസിപ്പിക്കാനാകും.

സജ്ജമായ 18 കേന്ദ്രങ്ങളില്‍ ആകെ 1591 രോഗികള്‍ക്കു വേണ്ട സൗകര്യങ്ങളുണ്ട്. ഇതിന്‍റെ മൂന്നിലൊന്ന് കിടക്കകളില്‍ മാത്രമാണ് ഇപ്പോള്‍ രോഗികളുള്ളത്. ആദ്യഘട്ടത്തില്‍ 55 സ്ഥാപനങ്ങളും രണ്ടാം ഘട്ടത്തില്‍ 34 സ്ഥാപനങ്ങളുമാണ് സി.എഫ്.എല്‍.ടി.സികളാക്കുന്നതിനായി ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു.


വയോജന കേന്ദ്രങ്ങളിലെ അന്തേവാസികളെ  കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും

കോവിഡ് പ്രതിരോധ മുന്‍കരുതലിന്‍റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ അന്തേവാസികളെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധന ഈ ആഴ്ച്ചതന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. 

ജില്ലയിലെ 75 കെയര്‍ ഹോമുകളിലായി 1765  വയോജനങ്ങളാണ് താമസിക്കുന്നത്. അന്തേവാസികള്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ കെയര്‍ ഹോമുകള്‍തന്നെ സി.എഫ്.എല്‍.ടി.സികളാക്കി മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കും. 

ഇതിന്‍റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ വോളണ്ടിയര്‍മാരും സാമൂഹ്യ നീതി വകുപ്പിന്‍റെ കൗണ്‍സലര്‍മാരും ചേര്‍ന്ന് ഇന്നു(ഓഗസ്റ്റ് 4) മുതല്‍ കെയര്‍ ഹോമുകളില്‍ പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K