27 July, 2020 05:23:09 PM


പേരൂര്‍ റോഡ് അടച്ചു: ഏറ്റുമാനൂര്‍ പരിഭ്രാന്തിയില്‍; പരിശോധന തുടരുന്നു



ഏറ്റുമാനൂര്‍: പേരൂര്‍ റോഡിലെ സ്വകാര്യപച്ചക്കറി മാര്‍ക്കറ്റില്‍ 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ നിവാസികള്‍ പരിഭ്രാന്തിയില്‍. ഏറ്റുമാനൂരിലെയും പരിസരപ്രദേശങ്ങളിലെയും നൂറ്കണക്കിന് വരുന്ന  നാട്ടുകാരും ചില്ലറപച്ചക്കറി വ്യാപാരികളും ആശ്രയിക്കുന്ന മാര്‍ക്കറ്റാണിത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലേക്ക് വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രവുമാണിത്. 


ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പേരൂര്‍ റോഡ് അടച്ചു. രാവിലെ 8ന് തുടങ്ങിയ  പരിശോധന ഉച്ചയ്ക്ക് ഒരു മണിയോടെ അവസാനിച്ചിരുന്നു. 50 പേരെ പരിശോധിച്ചതിലാണ് 33 പേരുടെ ഫലം പോസിറ്റീവായത്. ഇവരില്‍ പതിനഞ്ചോളം പേര്‍ മലയാളികളായുണ്ടത്രേ. കൂടുതല്‍ പേരും ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും ഉള്ളവരാണ്. ഇതും നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്‍റെ തീവ്രത കണക്കിലെടുത്ത് നാലര മണിയോടെ വീണ്ടും പരിശോധന ആരംഭിച്ചിട്ടുണ്ട്.


കിടങ്ങൂരില്‍നിന്ന് പച്ചക്കറി എടുക്കാന്‍ എത്തിയ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മാര്‍ക്കറ്റ് അടച്ചിരുന്നു. അതിനുശേഷം മാര്‍ക്കറ്റിന് മുകളിലെ നിലയില്‍ താമസിച്ചിരുന്ന മറുനാടന്‍ തൊഴിലാളികളാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ തെരുവില്‍ ഇറങ്ങിനടന്നിരുന്നുവെന്ന് പരിസരവാസികള്‍ പറയുന്നു. 


സമൂഹവ്യാപനം ഉറപ്പായ സ്ഥിതിക്ക് ഏറ്റുമാനൂര്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത്രയും പേര്‍ക്ക് ഒന്നിച്ച് രോഗം സ്ഥിരീകരിച്ചതിനാല്‍ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന നഗരസഭയുടെ 27-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി മാറും. സ്ഥിതി അതീവഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതിനെതുടര്‍ന്ന് ജില്ലാ ഉദ്യോഗസ്ഥരുള്‍പ്പെടെ ആരോഗ്യവിഭാഗവും നഗരസഭാ അധികൃതരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K