26 July, 2020 06:07:16 PM
കോട്ടയത്ത് ആദ്യ കോവിഡ് മരണം: മരിച്ചത് ചുങ്കം സ്വദേശി
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സിഎംഎസ് കോളേജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജിന് (83) കോവിഡ് ആണെന്ന് പരിശോധനാഫലം. ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇത്. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ ട്രൂനാറ്റ് സ്രവ സാംപിൾ പരിശോധനയിലാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ശ്രവസാമ്പിളെടുത്ത് വീണ്ടും പരിശോധനയ്ക്ക് അയച്ച ശേഷമാണ് ഔദ്യോഗികമായി കോവിഡ് സ്ഥിരീകരിച്ചത്.
നഗരസഭയിലെ മുൻ ജീവനക്കാരനാണ് മരിച്ച ജോർജ് വീണ് വാരിയെല്ല് ഒടിഞ്ഞതിന തുടർന്ന് ഏറെനാളായി കിടപ്പിലായിരുന്നു. കഴിഞ്ഞ ദിവസം ന്യുമോണിയുയമായി അയ്‌മനത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി എത്തിയിരുന്നു. രണ്ട് മൂന്ന് ദിവസം ഈ ആശുപത്രിയിൽ ഉണ്ടായിരുന്നു. വെള്ളിയാഴ്‌ച ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തു. വീട്ടിലെത്തിയശേഷം വീണ്ടും രോഗം കൂടിയതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ അത്യാഹിത വിഭാഗത്തിൽ കയറ്റി 10 മിനിട്ടിന് ശേഷം മരണപ്പെട്ടു. ഇദ്ദേഹത്തെ ചികിത്സിച്ച അയ്‌മനത്തെ ആശുപത്രിയിലെ ഡോക്‌ടറും ജീവനക്കാരും ക്വറന്റീനിൽ പോയി. ആശുപത്രി താൽകാലികമായി അടച്ചു. ഇദ്ദേഹത്തെ പരിചരിച്ച അടുത്ത ബന്ധുക്കളായ നാല് പേരോടും ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.