25 July, 2020 08:29:54 PM
ഏറ്റുമാനൂർ പേരൂര്‍ റോഡിലെ പച്ചക്കറി മാർക്കറ്റ് താത്ക്കാലികമായി അടച്ചു
ഏറ്റുമാനൂർ: പേരൂര്‍ റോഡിലെ സ്വകാര്യ പച്ചക്കറി മാർക്കറ്റ് താത്ക്കാലികമായി അടച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മാന്നാനം സ്വദേശി ഈ മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു. മൂന്ന് ആഴ്ചയായി ഈ ജീവനക്കാരന്‍ മാര്‍ക്കറ്റില്‍ വരുന്നില്ലാ എങ്കിലും പ്രതിരോധനടപടികളുടെ ഭാഗമായാണ് അടപ്പിച്ചതെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കിടങ്ങൂര്‍ മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറി എടുക്കാനെത്തിയ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അണുവിമുക്തമാക്കിയ ശേഷമാണ് മാര്‍ക്കറ്റ് അന്ന് തുടര്‍ന്ന് പ്രവര്‍ത്തിച്ചത്.
പച്ചക്കറി മാര്‍ക്കറ്റില്‍ 65ലധികം തൊഴിലാളികളാണ് ഉള്ളത്. ഇവരില്‍ നിലവില്‍ ജോലിക്കാരായുള്ള 38 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരില്‍ ആരുടെയും ഫലം പോസിറ്റീവ് ആയിരുന്നില്ല. ബാക്കിയുള്ള തൊഴിലാളികളുടെ കോവിഡ് പരിശോധന ചൊവ്വാഴ്ച നടക്കും. അതിന്‍റെ ഫലം കൂടി അറിഞ്ഞശേഷമേ മാര്‍ക്കറ്റ് ഇനി തുറക്കു എന്ന് ഉടമ പറഞ്ഞു.