23 July, 2020 04:07:47 PM
ഏറ്റുമാനൂരില്‍ ഇന്ന് 4 പേര്‍ക്ക് കോവിഡ്: ടൗണിലെ പച്ചക്കറി വ്യാപാരിക്കും രോഗം
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഇന്ന് നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യബസ് സ്റ്റാന്‍റിനോട് ചേര്‍ന്നുള്ള പച്ചക്കറി മാര്‍ക്കറ്റിലെ വ്യാപാരിയാണ് ഇതില്‍ ഒരാള്‍. നഗരസഭാ ആസ്ഥാനത്തിനോട് ചേര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് ഏറ്റുമാനൂര്‍ സ്വദേശിയായ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇദ്ദേഹത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇയാളുടെ കടയില്‍ നിന്ന് പച്ചക്കറി വാങ്ങിയവരുള്‍പ്പെടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഏറെയുണ്ടാവുമെന്നാണ് കരുതുന്നത്.
പൂനെയില്‍നിന്നുമെത്തി പേരൂരില്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പായിക്കാട് സ്വദേശികളായ പിതാവും (60) മകളും (30) ഇവര്‍ പൂനെയില്‍നിന്നും എത്തിയ കാറിന്‍റെ ഡ്രൈവര്‍ ഗുരുവായൂര്‍ സ്വദേശി(24)യുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവര്‍.
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂരില്‍ കൂടുതല്‍ ആളുകളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നു. ഏറ്റുമാനൂര്‍ നഗരസഭയും ആരോഗ്യവകുപ്പും ചേര്‍ന്ന് ഇന്ന് 150 പേരുടെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കി. മത്സ്യമാര്‍ക്കറ്റിലും പച്ചക്കറിമാര്‍ക്കറ്റിലുമായി ഉറവിടം അറിയാത്ത നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കൂടുതല്‍ പേരിലേക്ക് പരിശോധന വ്യാപിപ്പിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
തൊഴിലാളികളില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മത്സ്യമാര്‍ക്കറ്റുകളും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന കടകളും കഴിഞ്ഞ ശനിയാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. നിലവില്‍ മാര്‍ക്കറ്റിമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കി സ്ഥിതി അനുകൂലമെങ്കില്‍ മാത്രം നിയന്ത്രണങ്ങളോടെ മത്സ്യമാര്‍ക്കറ്റ് തുറന്നാല്‍ മതിയെന്നായിരുന്നു കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
നഗരസഭാ ആസ്ഥാനത്തിനോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ മന്ദിരത്തിന് മുന്നിലായിരുന്നു പരിശോധന. മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങളില്‍ പൊതുജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന ജീവനക്കാരായ 150 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, സെക്യൂരിറ്റി, ഓഫീസ് സ്റ്റാഫ്, ഡ്രൈവര്‍മാര്‍ എന്നിവരുള്‍പ്പെടെ 34 പേരെയും മൂന്ന് കൗണ്‍സിലര്‍മാരെയും പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്നവരെ സ്രവപരിശോധനാകേന്ദ്രത്തില്‍ എത്തിക്കുന്നതിന് സ്വന്തം ഓട്ടോറിക്ഷയുമായി രംഗത്തിറങ്ങിയ പത്താം വാര്‍ഡ് കൗണ്‍സിലറുടെയും സ്രവം പരിശോധിച്ചു. ഇദ്ദേഹത്തിന്‍റെ പരിശോധനാഫലം നെഗറ്റീവാണ്.