20 July, 2020 04:56:30 PM


ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ച തൊഴിലാളിയുടെ അമ്മയ്ക്കും രോഗം



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളില്‍ ഒരാളുടെ അമ്മയ്ക്കും രോഗം. മംഗര കലുങ്ക് സ്വദേശിയുടെ മാതാവിനാണ് (65) ഇന്ന് ഉച്ചകഴിഞ്ഞ് ആന്‍റിജന്‍ പരിശോധനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ക്കറ്റിലെ തൊഴിലാളിയുടെ പ്രാഥമസമ്പര്‍ക്കത്തില്‍ പെട്ടയാളാണ് മാതാവ്. ഇന്ന് രാവിലെ പേരൂര്‍ റോഡിലെ സ്വകാര്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ കിടങ്ങൂര്‍ മാര്‍ക്കറ്റിലെ ഡ്രൈവറായ ഏറ്റുമാനൂര്‍ മൂന്നാം വാര്‍ഡ് സ്വദേശി(46)ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.


ഇദ്ദേഹം ഏറ്റുമാനൂര്‍ വടക്കേനട ഭാഗത്ത് ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകല്‍. കഴിഞ്ഞ 17 ന് വൈകിട്ട് 7 ന് ഏറ്റുമാനൂര്‍ തെക്കേ നടയിലെ ഹോമിയോ ആശുപത്രിയിലെത്തിയിരുന്നു. ഡോക്ടര്‍ ഹോം ക്വാറന്‍റയിനിലാണ്. രാവിലെ 7 മണിക്ക് കോവിഡ് സ്ഥിരീകരിച്ച രോഗിയെ വൈകിട്ട് 5.50 ഓടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് പോസിറ്റീവായ ശേഷം രാവിലെ വീട്ടില്‍ തിരിച്ചെത്തിയ ഇദ്ദേഹം ഉള്ളില്‍ കയറാതെ തിണ്ണയില്‍ കുത്തിയിരിക്കുകയായിരുന്നു.


രാവിലെ 28 പേരെയാണ് മാര്‍ക്കറ്റില്‍ പരിശോധനക്ക് വിധേയമാക്കിയത്. 80 ഓളം തൊഴിലാളികളുള്ള ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടും മാര്‍ക്കറ്റ് അടയ്ക്കാന്‍ തയ്യാറാകാത്തത് രോഗവ്യാപന സാധ്യത കൂട്ടുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരും പറയുന്നത്. അതേസമയം, ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കടകള്‍ അടച്ചിടാന്‍ ഏറ്റുമാനൂരിലെ വ്യാപാരികള്‍ തീരുമാനമെടുത്തിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K