19 July, 2020 07:57:10 PM
അടച്ചിട്ട മത്സ്യമാര്‍ക്കറ്റില്‍ അക്രമം അഴിച്ചുവിട്ട് ചുമട്ടുതൊഴിലാളികള്‍: 4 പേര്‍ അറസ്റ്റില്‍
ഏറ്റുമാനൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട മത്സ്യമാര്‍ക്കറ്റില്‍ അക്രമം അഴിച്ചുവിട്ട് ഒരു സംഘം ചുമട്ടുതൊഴിലാളികള്‍. മാര്‍ക്കറ്റിനു മുന്നിലെ റോഡ് അടയ്ക്കുന്നതിന് ഉപയോഗിച്ച ബാരിക്കേഡുകള്‍ തകര്‍ത്തുകൊണ്ടായിരുന്നു ഇവരുടെ അക്രമം. നഗരസഭാ അധികൃതര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും ഇവര്‍ ചിതറി ഓടി. പിന്നീട് നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു.
ഏറ്റുമാനൂർ മന്നത്തൂർ ധർവേഷ് (59) , 101 കവല മഠത്തിൽ പറമ്പിൽ ജോബി ജോൺ (38), മുല്ലശ്ശേരി ഷൈജു (32), അതിരമ്പുഴ പുത്തൻ വീട്ടിൽ സെയ്ദ് മുഹമ്മദ് (62) എന്നിവരാണ് പിടിയിലായത്. മത്സ്യമാര്‍ക്കറ്റില്‍ മൊത്തവിതരണവ്യാപാരശാലയ്ക്കു മുകളിലായി ഒരു മുറി വിശ്രമിക്കാനായി ജീവനക്കാര്‍ക്ക് തുറന്നുകൊടുത്തിട്ടുണ്ടായിരുന്നു. പോലീസിനെ കണ്ട് ഈ മുറിയിലേക്ക് ഓടി കയറി കതകടച്ച ധര്‍വേഷിനെ പോലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തു. ഇതിനു പിന്നാലെ മൂന്ന് പേരെ കൂടി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എന്നിവർഒരു ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതിനിടെ അറസ്റ്റിലായവരെ ജാമ്യത്തിലിറക്കാന്‍ നഗരസഭാ കൌണ്‍സിലറായ കോണ്‍ഗ്രസ് നേതാവും രംഗത്തെത്തി.
രാവിലെ 10 മണിയോടെയാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് മത്സ്യമാര്‍ക്കറ്റുകളും സമീപത്തെ കടകളും പോലീസും നഗരസഭയും ചേര്‍ന്ന് അടപ്പിച്ചിരുന്നു. ചിറക്കുളം റോഡിലൂടെ യാത്ര നിരോധിക്കുകയും ചെയ്തു. ഇതിനായി നഗരസഭയുടെ പിന്നിലും ഓള്‍ഡ് എം.സി.റോഡ് ജംഗ്ഷനിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചും കയര്‍ വലിച്ചു കെട്ടിയും റോഡ് അടച്ചിരുന്നു.
മൂന്നു ബൈക്കുകളിലായി എത്തിയ ഏഴംഗ സംഘം പോലിസും നഗരസഭയും സ്ഥാപിച്ച ബാരികേഡുകളും പ്രവർത്തനം നിരോധിച്ചു കൊണ്ട് വലിച്ചു കെട്ടിയ കയറുകളും ബോർഡുകളും ചവിട്ടി തെറിപ്പിക്കും തകർക്കുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ചു ഓടി രക്ഷപെടുകയായിരുന്നു ഇവർ. തുടര്‍ന്ന് നഗരസഭാ കൌണ്‍സിലര്‍മാര്‍ ഇത് പുനസ്ഥാപിച്ചെങ്കിലും ഉച്ചകഴിഞ്ഞ് രണ്ട് മണി കഴിഞ്ഞ് സ്ഥലത്തെത്തിയ സംഘം വീണ്ടും ഇവയെല്ലാം തകര്‍ത്തെറിയുകയായിരുന്നു. ഇതോടെയാണ് പോലീസ് രംഗത്തെത്തിയതും ഒരാളെ പിടികൂടുന്നതും. തൊഴിലാളികള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് മത്സ്യമാർക്കറ്റ് അടക്കാനുളള നീക്കത്തില്‍ താെഴിലാളി യൂണിയനിൽപ്പെട്ടവർ എതിർപ്പ് പകടിപ്പിച്ചിരുന്നു
മാര്‍ക്കറ്റ് പൂട്ടിയ സാഹചര്യത്തില്‍ വിലക്ക് ലംഘിച്ച് തൊഴിലാളികള്‍ ഇവിടെ കയറികൂടിയത് മദ്യപാനം ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധനടപടികള്‍ക്കാണെന്ന് നഗരസഭാ കൌണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. ഐഎന്‍ടിയുസി തൊഴിലാളികളായ പതിനഞ്ചോളം പേരാണ് രണ്ട് തവണകളായി അക്രമം അഴിച്ചുവിട്ടതത്രേ. ബാരിക്കേഡുകള്‍ തകര്‍ക്കപ്പെട്ടതിനെതുടര്‍ന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ്, കൌണ്‍സിലര്‍മാരായ ബോബന്‍ ദേവസ്യ, ശശി രാജേന്ദ്രന്‍, പി.പി.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരസ്യബോര്‍ഡുകള്‍ ഉപയോഗിച്ച് വഴി വീണ്ടും അടച്ചുകെട്ടി.