19 July, 2020 02:26:40 PM
പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കാൻ ജനങ്ങളുടെ സഹകരണം തേടി കോട്ടയം കളക്ടര്‍
കോട്ടയം: ജില്ലയില്‍ കോവിഡ് രോഗികള്‍ക്കായി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ (സി.എഫ്.എല്‍.ടി.സി) സജ്ജമാക്കുന്നതിന് ജില്ലാ കളക്ടര്‍ എം. അഞ്ജന പൊതുജനങ്ങളുടെ സഹകരണം തേടി. ലക്ഷണങ്ങള്‍ ഇല്ലാത്തവരും ഗുരുതരമല്ലാത്ത ലക്ഷണങ്ങള്‍ ഉള്ളവരുമായ രോഗികളെ താമസിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ ആവശ്യമായ സാധന സാമഗ്രികള്‍ ലഭ്യമാക്കുന്നതില്‍ പങ്കാളികളാകണമെന്നാണ് ഫേസ്ബുക്ക് പേജിലൂടെ കളക്ടര്‍ അഭ്യര്‍ത്ഥിച്ചത്.
ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരില്‍ കൂടുതല്‍ പേരും മൂന്നു സി.എഫ്.എല്‍.ടി.സികളിലാണ് കഴിയുന്നത്. ഇവ ഉള്‍പ്പെടെ 13 സ്ഥാപനങ്ങള്‍ പ്രാഥമിക ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ജൂലൈ 23ന് മുന്‍പ് ജില്ലയില്‍ 5000 പേര്‍ക്കുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണ്. ഈ ഉത്തരവാദിത്വം വിജയകരമായി നിര്‍വ്വഹിക്കുവാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും സഹകരണം വേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
ഓരോ തദ്ദേശഭരണ സ്ഥാപനതലത്തിലും കുറഞ്ഞത് ഇരുന്നൂറ് രോഗികള്‍ക്കുള്ള സൗകര്യങ്ങളാണ് ലക്ഷ്യമിടുന്നത്. കട്ടില്‍, മെത്ത, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, പെഡസ്റ്റല്‍ ഫാന്‍, ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍, ഓഫീസ് ടേബിള്‍, പ്ലാസ്റ്റിക് കസേര, വീല്‍ ചെയര്‍, സ്ട്രെച്ചര്‍, ബെഡ് ഷീറ്റ്, തലയിണ, തലയിണ കവര്‍, ടവ്വല്‍, സ്റ്റീല്‍ പ്ലേറ്റുകള്‍, സ്പൂണ്‍, ജഗ്ഗ്, ബക്കറ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, പേസ്റ്റ്, വേസ്റ്റ് ബിന്‍ എന്നിവ ലഭ്യമാക്കുന്നതിനാണ് പൊതുജനങ്ങളുടെയും സംഘടനകളുടെയും പങ്കാളിത്തം തേടിയിട്ടുള്ളത്.
സഹകരിക്കാന്‍ താത്പര്യമുള്ള വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും 9526809609, 9495377189 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.