18 July, 2020 09:03:36 PM


സമ്പര്‍ക്ക വ്യാപനം: കോട്ടയത്ത് കര്‍ശന ജാഗ്രത; മെഡി. കോളേജില്‍ 24 മണിക്കൂറും പരിശോധന



കോട്ടയം: ജില്ലയില്‍ സമ്പര്‍ക്കം മുഖേന കോവിഡ് പകരുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കുന്നതിന് ജാഗ്രതാ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളിലും മുന്‍കരുതല്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. വ്യാപാര സ്ഥാപനങ്ങള്‍  സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. സമ്പര്‍ക്കത്തിലൂടെ രോഗം പകരാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 


ക്വാറന്റയിന്‍ സംവിധാനം വീഴ്ച്ചകളില്ലാതെ നടപ്പാക്കുന്നതിന് ജില്ലയില്‍ പ്രത്യേക പ്രചാരണ പരിപാടി നടപ്പാക്കും. കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, സി.എഫ്.എല്‍.ടി.സികളുടെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. രേണു രാജ്, എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ മെഡിക്കല്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. 


മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന 24 മണിക്കൂറും


കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് സാമ്പിള്‍ പരിശോധനാ ലാബ് ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും.  പ്രതിദിനം അഞ്ഞൂറോളം സാമ്പിളുകളാണ് നിലവില്‍ പരിശോധിക്കുന്നത്. അടുത്ത ആഴ്ച്ച ആര്‍.എന്‍.എ എക്‌സ്ട്രാക്ടര്‍ മെഷീന്‍ സജ്ജമാകുന്നതോടെ പ്രതിദിന പരിശോധന ആയിരം സാമ്പിളുകളായി ഉയരും. ഇതിന് അധികമായി വേണ്ട ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വകുപ്പിന്റെ കീഴിലാണ് ഏപ്രില്‍ 24 മുതല്‍ പരിശോധനാ സംവിധാനം പ്രവര്‍ത്തിക്കുന്നത്.


വെന്‍റിലേറ്ററുകള്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു

കോവിഡ് ബാധിച്ച് ഗുരുതര നിലയിലാകുന്നവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കിയ വെന്റിലേറ്ററുകള്‍ സജ്ജീകരിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ അറിയിച്ചു. ജൂലൈ 11നാണ് 40 വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറിയത്. ഇവ സ്ഥാപിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പരിശീലനം നല്‍കുന്നതിനും നിയോഗിക്കപ്പെട്ട കമ്പനിയുടെ നേതൃത്വത്തില്‍ നടപടികള്‍ ജൂലൈ 15ന് ആരംഭിച്ചിരുന്നു. പരിശീലനവും ഇന്‍സ്റ്റലേഷന്‍ നടപടികളും പൂര്‍ത്തിയാകുന്ന മുറയ്ക്ക് വെന്റിലേറ്ററുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K