18 July, 2020 07:34:59 PM


ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു; ചിറക്കുളം റോഡും അടച്ചു




ഏറ്റുമാനൂര്‍: അടുത്തടുത്ത രണ്ട് ദിവസങ്ങളിലായി മൂന്ന് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏറ്റുമാനൂരിലെ മത്സ്യമാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടപ്പിച്ചു. ചിറക്കുളം റോഡില്‍ നഗരസഭാ ഓഫീസിന്റെ പിന്‍വശം മുതല്‍ ഓള്‍ഡ് എംസി റോഡ് വരെയുള്ള ഭാഗവും താത്ക്കാലികമായി അടച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് അഞ്ച് മുതല്‍ ഒരാഴ്ചത്തേക്ക് മാര്‍ക്കറ്റ് അടക്കുവാന്‍  തീരുമാനമെടുത്തിരുന്നു.


കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടും മാര്‍ക്കറ്റ് അടയ്ക്കാന്‍ രണ്ട് പകലുകള്‍ സാവകാശം നല്‍കിയ നഗരസഭയുടെ നടപടി ഏറെ വിവാദമായിരുന്നു. നാട്ടുകാര്‍ ഒന്നടങ്കം നഗരസഭാ അധികൃതരുടെ നടപടിയില്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് ശനിയാഴ്ച ഒരു ജീവനക്കാരനുകൂടി കോവിഡ് സ്ഥിരീകരിച്ചത്. മത്സ്യവ്യാപാരിയുടെ സ്റ്റാഫായ മാന്നാനം സ്വദേശി(55)ക്കാണ് നഗരസഭ കേന്ദ്രീകരിച്ച് നടത്തിയ റാപ്പിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയത്. ഇതോടെ മാര്‍ക്കറ്റ് രോഗവ്യാപനത്തിന്റെ കേന്ദ്രമാകുന്നുവെന്ന് പരക്കെ പരാതി ഉയര്‍ന്നു. തുടര്‍ന്നാണ് മത്സ്യമാര്‍ക്കറ്റും ഇതോട് ചേര്‍ന്നിരിക്കുന്ന കടകളും അടപ്പിച്ചത്. 


മത്സ്യമാര്‍ക്കറ്റിലെ മൊത്ത - ചില്ലറമത്സ്യവില്‍പ്പനശാലകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല. ഉണക്കമീന്‍ സ്റ്റാളുകളും നഗരസഭാ മന്ദിരത്തിന്റെ താഴെ മാര്‍ക്കറ്റിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കടകളും ശനിയാഴ്ച വൈകിട്ട് അടച്ചു. ചിറക്കുളം റോഡ് ഭാഗികമായി അടച്ചതോടെ ചില്ലറ മത്സ്യവിപണനകേന്ദ്രം ഭാഗത്തേക്ക് പ്രവേശനമനുവദിക്കില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലേക്കും ഇനി എം.സി.റോഡിലൂടെ തന്നെ പോകണം. മാര്‍ക്കറ്റിന്റെ ഭാഗമായ കടകള്‍ അടക്കാന്‍ ഡിവൈഎസ്പി ഉത്തരവിട്ടിരുന്നതായി നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു.


രോഗവ്യാപനസാധ്യത ഏറിയതോടെ ശനിയാഴ്ച 45 പേരെ റാപ്പിഡ് പരിശോധനയ്ക്ക് വിധേയമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ 48 പേരെയും വൈകിട്ട് 8 പേരെയും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കോവിഡ് ഭീതി ഒഴിയും വരെ മത്സ്യമാര്‍ക്കറ്റ് അടച്ചിടണമെന്ന പരാതി 'സേവ് ഏറ്റുമാനൂര്‍' എന്ന സംഘടന  ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ച്ചിരുന്നു. കളക്ടറുടെ ഫേസ് ബുക്ക് പേജിലും എത്തി മാര്‍ക്കറ്റ് അടയ്ക്കണമെന്ന ആവശ്യം.


വെള്ളിയാഴ്ച മാര്‍ക്കറ്റിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ട 35-ാം വാര്‍ഡ് കണ്ടയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഈ വാര്‍ഡിനെയും 33-ാം വാര്‍ഡിനെയും വേര്‍തിരിക്കുന്ന കിഴക്കേനട - മംഗലം കലുങ്ക് റോഡ് ശനിയാഴ്ച പോലീസും റവന്യു - ആരോഗ്യവകുപ്പ് അധികൃതരും എത്തി അടച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K