18 July, 2020 04:07:42 PM
ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വീണ്ടും കോവിഡ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് സെയില്‍സ്മാന്
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. മൊത്തവില്‍പ്പനകേന്ദ്രത്തിലെ ജീവനക്കാരനായ മാന്നാനം സ്വദേശി(55)ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതായിട്ടായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇന്ന് നഗരസഭാ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ റാപിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗബാധയുള്ളതായി തിരിച്ചറിഞ്ഞത്.
ഇന്നലെ പുലര്‍ച്ചെ നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ മൊത്തവില്‍പ്പനകേന്ദ്രത്തിലെ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റില്‍ മീന്‍പെട്ടികള്‍ അടുക്കിവെക്കുന്ന തൊഴിലാളികളായിരുന്നു ഇവര്‍. പക്ഷെ ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 45 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. രോഗവ്യാപനം ഉറപ്പാക്കിയിട്ടും മാര്‍ക്കറ്റ് വീണ്ടും രണ്ട് പകല്‍ കൂടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച നഗരസഭയുടെ നടപടി ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.