17 July, 2020 09:35:58 PM
മണര്‍കാട് ക്ലബിലെ ചീട്ടുകളി: പോലീസ് നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി
കോട്ടയം: മണര്‍കാട് ക്രൗണ്‍ ക്ലബ്ബില്‍ ചീട്ടുകളി പിടികൂടിയ സംഭവത്തില്‍ പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി ക്ലബ് ഭാരവാഹികള്‍. ക്ലബിന്‍റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും എടുത്ത പണമുപയോഗിച്ചാണ് പോലീസ് ചീട്ടുകളി പിടിച്ചതായി കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച നടത്തിയ റെയ്ഡില്‍ 17.83 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ ക്ലബ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തന്നെയുള്ള തന്‍റെ ബിസിനസ് സ്ഥാപനങ്ങളുടെ ഓഫീസ് മുറിയില്‍ അതിക്രമിച്ചു കയറിയ പോലീസ് സംഘം ജീവനക്കാരനെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയതാണ് ഈ തുകയെന്ന് കെട്ടിടമുടമയും ക്ലബ് സെക്രട്ടറിയുമായ മണര്‍കാട് വാവത്തില്‍ കെ.വി.സുരേഷ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
കോട്ടയത്തെ രണ്ട് ഫിനാന്‍സ് സ്ഥാപനമുടമകള്‍ തമ്മിലുള്ള കുടിപ്പകയുടെ ബാക്കിപത്രമാണ് ഈ സംഭവമെന്നും ആരോപണമുണ്ട്. കോട്ടയം നഗരത്തിലെ ഫിനാന്‍സ് സ്ഥാപനമുടമയും സുരേഷും തമ്മില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തുടരുന്ന വിരോധം തീര്‍ക്കാന്‍ ക്ലബ്ബിനെ കരുവാക്കുകയായിരുന്നുവെന്ന് ക്ലബ് ഭാരവാഹികള്‍ പറയുന്നു. വിസാ തട്ടിപ്പുകേസിലെ പ്രതിയും പുതുപ്പള്ളിയിലെ വെടിവെയ്പ് കേസിലെ പ്രതിയും ഒരു ഡിവൈഎസ്പിയും തനിക്കെതിരെയുള്ള ഗൂഢനീക്കത്തിന് ഫിനാന്‍സ് സ്ഥാപനമുടമയെ സഹായിച്ചുവെന്നും ഇവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് പോലീസ് സംഘം പ്രവര്‍ത്തിച്ചതെന്നും സുരേഷ് പരാതിയില്‍ ആരോപിക്കുന്നു.
തന്‍റെ ഓഫീസില്‍ നിന്നും മോഷ്ടിച്ച പണം ഉപയോഗിച്ച് നിയമവിരുദ്ധമായി ചീട്ടുകളി നടക്കുന്നുവെന്നാരോപിച്ച് ഗെയ്മിംഗ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് സുരേഷ് പരാതിയില്‍ പറയുന്നു. ജൂലായ് 8ന് വൈകിട്ട് 6ന് പോലീസ് നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ല. പിന്നീട് 11-ാം തീയതി വൈകിട്ട് മൂന്നു കാറുകളിലായി വെറുംകൈയോടെ വന്നിറങ്ങിയ സംഘം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് മേരീസ് ഗ്രാനൈറ്റ് ആന്‍റ് മാര്‍ക്കറ്റിംഗ് എന്ന സ്ഥാപനത്തിലേക്ക് ഓടികയറുന്നതും സ്ഥാപനത്തില്‍നിന്നും പണം അടങ്ങിയ കൂടുകളുമായി ക്ലബ് പ്രവര്‍ത്തിക്കുന്ന മുകളിലെ നിലയിലേക്ക് പോകുന്നതും ആസമയം ക്ലബിലുണ്ടായിരുന്ന ഒരു പോലീസുകാരനെ താഴോട്ട് ഇറക്കി വിടുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ തന്‍റെ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും സുരേഷ് പരാതിയില്‍ വ്യക്തമാക്കുന്നു.
ബാങ്കില്‍ നിക്ഷേപിക്കാനായി കരുതിയിരുന്ന തന്‍റെ സ്ഥാപനങ്ങളിലെ വിറ്റുവരവ് തുകയായ 16,13,000 രൂപയും ചങ്ങനാശ്ശേരിയില്‍ നിന്നും വാടകയിനത്തില്‍ ലഭിച്ച 78000 രൂപയും തന്‍റെ ഓഫീസില്‍ നിന്ന് ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പോലീസ് സംഘം എടുത്ത് ക്ലബില്‍ കൊണ്ടുപോയി വെക്കുകയായിരുന്നുവെന്നും അതാണ് ചീട്ടുകളിക്ക് ഉപയോഗിച്ചതായി രേഖ ഉണ്ടാക്കിയതെന്നും സുരേഷ് പരാതിയില്‍ പറയുന്നു. ഇതിനിടെ താഴെ ഗ്രാനൈറ്റ് വാങ്ങാനായി എത്തിയ അതിരമ്പുഴ സ്വദേശിയുടെ സ്വകാര്യവാഹനത്തില്‍നിന്നും 2,40,000 രൂപയും പോലീസ് പിടിച്ചെടുത്തതായി സുരേഷ് ആരോപിക്കുന്നു.
തങ്ങളുടെ ഈ നീക്കങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന് മനസിലാക്കിയ പോലീസ് സംഘം 8.12ന് സുരേഷിന്‍റെ ഓഫീസിലെ ഡിവിആര്‍ ചേമ്പര്‍ കുത്തിതുറന്ന് രണ്ട് ഡിവിആര്‍ എടുത്ത് കൊണ്ടുപോകുകയും ഫോര്‍മാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ക്ലബ് ഭാരവാഹികള്‍ ആരോപിക്കുന്നു. തെളിവ് നശിപ്പിക്കാനായി പോലീസ് സംഘം ഫോര്‍മാറ്റ് ചെയ്ത ഡിവിആര്‍ റീട്രൈവ് ചെയ്യാന്‍ സൈബര്‍ എക്സ്പേര്‍ട്ടിനു നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. പരിശോധനയിൽ 43 പേർ പിടിയിലായി. 14 കാറുകളും 40 മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. മാര്‍ക്കറ്റിന്‍റെ ഗ്രൗണ്ടില്‍ നിന്നിരുന്ന ആളുകളെ ബലമായി സ്റ്റെയര്‍കേസ് കയറ്റി ക്ലബിനുള്ളിലേക്ക് കയറ്റുകയായിരുന്നുവെന്നും ഇവരുള്‍പ്പെടെയാണ് 43 പേരെന്നും ക്ലബ് ഭാരവാഹി സന്തോഷ് പറയുന്നു.
പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ റെയ്ഡിന് ചുക്കാന്‍ പിടിച്ച് കൊണ്ട് പുതുപ്പള്ളി വെടിവെയ്പ് കേസിലെ പ്രതിയും വിസാതട്ടിപ്പ് കേസിലെ പ്രതിയും പുറത്തുണ്ടായിരുന്നെന്നും ഇവരുമായി ഗൂഡാലോചന നടത്തുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും സുരേഷ് നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നു. മണര്‍കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ യഥാര്‍ത്ഥ വസ്തുതകള്‍ അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി മുഖ്യമന്ത്രിക്കുപുറമെ, സംസ്ഥാനപോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും നല്‍കിയിട്ടുണ്ട്.
അതേ സമയം, പരാതിയിലെ ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു. തങ്ങള്‍ ചെല്ലുമ്പോള്‍ ക്ലബില്‍ ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു എന്നാണ് മണര്‍കാട് പോലീസ് ഇന്‍സ്പെക്ടര്‍ രതീഷ്കുമാര്‍ പറയുന്നത്. പലവട്ടം പരിശോധന നടത്തിയപ്പോഴും തന്ത്രപരമായി രക്ഷപെടുകയായിരുന്നു ഇവരെന്നും അതുകൊണ്ടാണ് പാമ്പാടി സിഐ ഉള്‍പ്പെട്ട ടീം റെയ്ഡിന് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചീട്ടുകളി സംഘത്തില്‍ തന്നെയുണ്ടായിരുന്നവരാണ് താഴെ നിന്നിരുന്നതെന്നും ഇവര്‍ ഒളിപ്പിച്ചുവെച്ച പണമാണ് കടയില്‍നിന്നും എടുത്തതെന്നും പോലീസ് പറയുന്നു. ക്ലബ് ഭാരവാഹികളുടെ പക്കലുള്ള വീഡിയോ ദൃശ്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ അത് കോടതിയില്‍ തെളിയിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.