17 July, 2020 08:28:43 PM
ഏറ്റുമാനൂര്‍ നഗരസഭ 35-ാം വാർഡ് ഉള്‍പ്പെടെ കോട്ടയത്ത് പുതിയ രണ്ട് കണ്ടയിൻമെന്‍റ് സോണുകള്‍
കോട്ടയം: വൃദ്ധദമ്പതികള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ഏറ്റുമാനൂര്‍ നഗരസഭയിലെ 35-ാം വാർഡ് ഉള്‍പ്പെടെ കോട്ടയത്ത് പുതിയ രണ്ട് കണ്ടയിൻമെന്‍റ് സോണുകള്‍. കുമരകം പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡാണ് അടുത്ത കണ്ടയിന്‍മെന്‍റ് സോണ്‍. ഇതിനു പുറമെ പാറത്തോട് പഞ്ചായത്തിലെ 7, 8, 9 വാര്‍ഡുകള്‍, മണര്‍കാട് 8, അയ്മനം 6, കടുത്തുരുത്തി 16, ഉദയനാപുരം 16, തലയോലപ്പറമ്പ് 4, കുമരകം 4, പള്ളിക്കത്തോട് 7, ടി.വി.പുരം 10 എന്നീ വാര്‍ഡുകളാണ് കോട്ടയം ജില്ലയില്‍ നിലവില്‍ കണ്ടയിന്‍മെന്റ് സോണുകളായുള്ളത്.
അതേസമയം ഉറവിടം കണ്ടെത്താനാവാതെ രണ്ട് തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ച മത്സ്യമാര്‍ക്കറ്റ് ഉടന്‍ അടയ്ക്കാന്‍ തയ്യാറാവാത്ത നഗരസഭാ അധികൃതരുടെ നടപടിയില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നു. ഇന്ന് പുലര്‍ച്ചെ നടന്ന ആന്‍റിജന്‍ പരിശോധനയിലാണ് മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ മാര്‍ക്കറ്റ് അടയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പകരം രണ്ട് ദിവസം കൂടി സാവകാശം നല്‍കി നാളെ വൈകിട്ട് അഞ്ച് മണിക്ക് അടക്കാനുള്ള തീരുമാനം നഗരസഭാ ചെയര്‍മാനും മത്സ്യവ്യാപാരികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആരോപണം.
കോവിഡ് സ്ഥിരീകരിച്ച പിന്നാലെ മാര്‍ക്കറ്റ് അടയ്ക്കുന്നതിനായി നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ യോഗം വിളിച്ചിരുന്നു. പിന്നാലെ ഉച്ചക്ക് ജില്ലാ കളക്ടറുടെ യോഗത്തില്‍ പങ്കെടുത്ത ചെയര്‍മാന്‍ ബിജു കൂമ്പിക്കന്‍ മാര്‍ക്കറ്റ് നിയന്ത്രണങ്ങലോടെ പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തിലാണ് താല്‍പര്യം പ്രകടിപ്പിച്ചതത്രേ. ഇതിനിടെ ആര്‍ഡിഓ ചുമതലപ്പെടുത്തിയ പ്രത്യേക സമിതിയുടെയും ആരോഗ്യസ്ഥിരം സമിതിയുടെയും യോഗങ്ങള്‍ മാര്‍ക്കറ്റ് അടക്കാനാണ് നിര്‍ദ്ദേശിക്കുന്നതെന്ന് കാട്ടി സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് കളക്ടര്‍ക്ക് കത്ത് ഇ മെയിലായി അയച്ചു. ഇതോടെ തീരുമാനം നഗരസഭാതലത്തില്‍ എടുത്താല്‍ മതിയെന്ന് കളക്ടര്‍ പറഞ്ഞു.
വൈകിട്ട് കൂടിയ നഗരസഭാ യോഗത്തില്‍ മാര്‍ക്കറ്റ് അടക്കുന്നതിനോട് ചെയര്‍മാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. കളക്ടറുടെ യോഗത്തില്‍ പങ്കെടുത്ത അസിസ്റ്റന്‍റ് എഞ്ചിനീയറും അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും ഉള്‍പ്പെടെ ചെയര്‍മാന്‍റെ താല്‍പര്യം സംരക്ഷിക്കുന്ന നിലപാടാണ് വൈകിട്ട് നഗരസഭാതലത്തില്‍ ചേര്‍ന്ന യോഗത്തിലും എടുത്തത്. നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുവാനാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നായിരുന്നു ഇവര്‍ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ തീരുമാനം നഗരസഭയുടേതാണെന്നും മാര്‍ക്കറ്റ് അടയ്ക്കാതെ പറ്റില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനിന്നു ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ്. ഈ അഭിപ്രായത്തോട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി നായരും യോജിച്ചു. തുടര്‍ന്നാണ് ഒരു ദിവസം കൂടി സാവകാശം നല്‍കി മാര്‍ക്കറ്റ് അടക്കുവാന്‍ തീരുമാനിച്ചത്.