17 July, 2020 04:57:56 PM
ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റ് നാളെ അടയ്ക്കും; അടക്കാന്‍ താമസിക്കുന്നത് 'സ്റ്റോക്ക്' മീന്‍ വിറ്റഴിക്കാന്‍
ഏറ്റുമാനൂര്‍: കോവിഡ് പിടിയിലമര്‍ന്ന ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റ് അടയ്ക്കുന്നു. ഇന്ന് രാവിലെ ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ നടന്ന ആന്‍റിജന്‍ പരിശോധനയില്‍ രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. നാളെ വൈകിട്ട് അഞ്ച് മണിക്ക് മാര്‍ക്കറ്റ് അടക്കുവാനാണ് തീരുമാനം. മൊത്തവില്‍പ്പനശാല ഏഴ് ദിവസത്തേക്കും ചില്ലറവില്‍പ്പനശാല ഒരു ദിവസത്തേക്കുമാണ് അടയ്ക്കുക. എന്നാല്‍ ഇത് നാട്ടുകാരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച് ഉടന്‍ അടയ്ക്കുന്നതിനുപകരം രണ്ട് പകല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനെന്ന് ആരോപണം ഉയര്‍ന്നു.
തൊഴിലാളികളില്‍ കോവിഡ് സ്ഥിരീകരിച്ച ഉടനെ മാര്‍ക്കറ്റ് അടക്കുന്നതിനുപകരം രണ്ട് ദിവസം കൂടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത് രോഗവ്യാപനത്തിന് കാരണമായേക്കാമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തുന്നു. കോവിഡ് സ്ഥിരീകരിച്ച തൊഴിലാളികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളവര്‍ക്ക് വീണ്ടും മാര്‍ക്കറ്റില്‍ വന്നുപോകുന്നതിന് അവസരം ഉണ്ടാക്കുകയാണ് നഗരസഭ ചെയ്യുന്നതെന്ന അഭിപ്രായമാണ് ഉയരുന്നത്. മാത്രമല്ല മാര്‍ക്കറ്റില്‍ മിച്ചമിരിക്കുന്ന മത്സ്യം വിറ്റഴിക്കുന്നതിന് നഗരസഭ കൂട്ടുനില്‍ക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
മത്സ്യമാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് നഗരസഭ ആരോഗ്യസ്ഥിരംസമിതിയുടെ അടിയന്തിരയോഗം ചേര്‍ന്ന് മാര്‍ക്കറ്റ് അടയ്ക്കുന്നതിനുള്ള ശുപാര്‍ശ ജില്ലാകളക്ടര്‍ക്ക് നല്‍കിയിരുന്നു. തദ്ദേശസ്ഥാപനത്തിന്‍റെ അധികാരം ഉപയോഗിച്ച് മാര്‍ക്കറ്റ് അടയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് കളക്ടര്‍ ഉപദേശിച്ചിരുന്നുവത്രേ. ഇതേതുടര്‍ന്ന് വൈകിട്ട് കൂടിയ യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ ഒരു വിഭാഗം മാര്‍ക്കറ്റ് അടയ്ക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഇവരുടെ അഭിപ്രായം. എന്നാല്‍ ഏറ്റുമാനൂര്‍ കോവിഡ് പിടിയിലമര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത് ബുദ്ധിയല്ലെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ ദാസും പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് സി നായരും ചൂണ്ടികാട്ടി. തുടര്‍ന്നാണ് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടയ്ക്കാന്‍ തീരുമാനിച്ചത്.
ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35കാരനും ഓണംതുരുത്ത് സ്വദേശി 56കാരനുമാണ് ഇന്ന് പുലര്‍ച്ചെ മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ടു പേരും മത്സ്യവ്യാപാരികളില്‍നിന്ന് പെട്ടികള്‍ വാങ്ങി അടുക്കി വെക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടുവരുന്നവരാണ്. മംഗലം കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജൂലൈ 13ന് വൈകിട്ട് 6.30 മണിയോടെ ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തി മരുന്ന് വാങ്ങിയിരുന്നു. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇരുവരെയും പള്ളിക്കത്തോട്ടിലുള്ള കോവിഡ് സെന്‍ററിലേക്ക് മാറ്റിയിരുന്നു.