17 July, 2020 02:10:19 PM
ഏറ്റുമാനൂര്‍ കോവിഡ് പിടിയില്‍; ഏഴ് പേര്‍ക്ക് കൂടി കോവിഡ് എന്ന് സൂചന
ഏറ്റുമാനൂര്‍: കോവിഡ് പിടിയിലമരുന്നു. ഇന്ന് രാവിലെ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നടന്ന് ആന്‍റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നഗരസഭാ പരിധിയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായുള്ള സൂചനകളാണ് ലഭിക്കുന്നത്. അങ്ങിനെയായാല്‍ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പത് ആയി മാറും.
പേരൂര്‍, പുന്നത്തുറ വെസ്റ്റ്, ഏറ്റുമാനൂര്‍ ടൗണ്‍ എന്നീ പ്രദേശങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. എല്ലാവരും ക്വാറന്‍റയിനില്‍ ഇരുന്നവരാണ്. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ പിന്നാലെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.
ഏറ്റുമാനൂര്‍ മംഗലം കലുങ്ക് സ്വദേശിയായ 35കാരനും ഓണംതുരുത്ത് സ്വദേശി 56കാരനുമാണ് ഇന്ന് പുലര്‍ച്ചെ ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ ആന്റിജൻ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ടു പേരും മത്സ്യവ്യാപാരികളില്‍നിന്ന് പെട്ടികള്‍ വാങ്ങി അടുക്കി വെക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടുവരുന്നവരാണ്. മംഗലം കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജൂലൈ 13ന് വൈകിട്ട് 6.30 മണിയോടെ ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തി മരുന്ന് വാങ്ങിയിരുന്നു. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇരുവരെയും പള്ളിക്കത്തോട്ടിലുള്ള കോവിഡ് സെന്‍ററിലേക്ക് മാറ്റി.
മത്സ്യമാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് മാര്‍ക്കറ്റ് അടയ്ക്കുന്നതിനുള്ള ശുപാര്‍ശ നഗരസഭ ജില്ലാകളക്ടര്‍ക്ക് നല്‍കി. തദ്ദേശസ്ഥാപനത്തിന്‍റെ അധികാരം ഉപയോഗിച്ച് മാര്‍ക്കറ്റ് അടയ്ക്കാമെന്ന് കളക്ടര്‍ ഉപദേശിച്ചതായും അതിനാല്‍ ഇന്ന് നാല് മണിക്ക് യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ ദാസ് അറിയിച്ചു. രാവിലെ ആരോഗ്യസ്ഥിരംസമിതിയുടെ അടിയന്തിരയോഗം ചേര്‍ന്നിരുന്നു.