16 July, 2020 07:49:00 PM
കോട്ടയം മെഡി. കോളേജ് ഓര്‍ത്തോ വാര്‍ഡിലെ രോഗികള്‍ക്ക് കോവിഡ്: ഡോക്ടര്‍മാര്‍ ക്വാറന്‍റയിനില്‍
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി പുരുഷന്മാരുടെ ഓർത്തോ വാർഡിൽ (പതിനൊന്നാം വാർഡ്) ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചേർത്തല തൈക്കൽ സ്വദേശിയായ 36 കാരനും, എറണാകുളം വടക്കൻ പറവൂർ വടക്കേക്കര സ്വദേശിയായ 32 കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 14 നാണ് ഇരുവരും അസ്ഥിരോഗ വിഭാഗം (യൂണിറ്റ് രണ്ടിൽ) പ്രവേശിക്കപ്പെടുന്നത്. ശസ്ത്രക്രീയക്ക് മുന്നോടിയായി ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിന്നു. പരിശോധനാ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം ലഭിച്ചപ്പോൾ രണ്ടു പേരുടേയും പരിശോധനാ ഫലം പൊസറ്റീവ്.
വിവരം അറിഞ്ഞ ഉടൻ ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.കെ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ അടിയന്തിര യോഗം കൂടി ഇവരുടെ ചികിത്സയ്ക് നേതൃത്വം നൽകിയ യൂണിറ്റ് ചീഫ് അടക്കമുള്ള ഡോക്ടറോടും മറ്റ് ഡോക്ടർമാരോടും ഈ വാർഡിൽ ഡ്യൂട്ടി ചെയ്തിരുന്ന ചില നേഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരോടും ക്വാറന്റിയിൽ പോകുവാൻ നിർദ്ദേശിച്ചു. തുടർന്ന് ഈ വാർഡിൽ കിടന്നിരുന്ന രോഗികളെ പത്താം വാർഡിലേക്ക് മാറ്റിയ ശേഷം പതിനൊന്നാം വാർഡ് താൽക്കാലികമായി അടച്ചു.